തീരദേശ നിർമ്മാണങ്ങളിൽ ഇളവ് വരുത്തി കേന്ദ്രവിജ്ഞാപനം
ന്യൂഡൽഹി : തീരദേശങ്ങളിൽ നിർമ്മാണ പ്രവർത്തനങ്ങൾ നടത്തുന്നതിനുള്ള നിയന്ത്രണങ്ങളിൽ ഇളവ് അനുവദിച്ചു കൊണ്ട് കേന്ദ്ര വനം − പരിസ്ഥിതി മന്ത്രാലയം വിജ്ഞാപനം പുറത്തിറക്കി. കടൽതീരത്തെയും കായൽ തീരത്തെയും നിർമ്മാണ നിയന്ത്രണ പരിധി 200 മീറ്ററിൽ നിന്നും 50 മീറ്ററായും കായൽതുരുത്തുകളിൽ അത് 20 മീറ്ററായുമാണ് കുറച്ചിരിക്കുന്നത്. വിനോദ സഞ്ചാര മേഖലയെ കൂടി കണക്കിലെടുത്താണ് കേന്ദ്രത്തിന്റെ പുതിയ തീരുമാനം. ഇതുസംബന്ധിച്ച കരട് വിജ്ഞാപനം കേന്ദ്രം പുറത്തിറക്കിയിട്ടുണ്ട്. ഇനി വരാൻ പോകുന്ന നിർമ്മാണ പ്രവർത്തികൾക്കും ഇപ്പോൾ നടക്കുന്ന നിർമ്മാണ പ്രവർത്തികൾക്കും പുതിയ നയത്തിന്‍റെ അംഗീകാരം കിട്ടും.
തീരദേശത്തെ പരിസ്ഥിതി ദുർബല പ്രദേശങ്ങൾ സംരക്ഷിക്കണമെന്നും ഇവിടങ്ങളിലെ 30 ശതമാനം പ്രദേശത്ത് മാത്രമായിരിക്കും നിർമ്മാണ പ്രവർത്തനങ്ങൾക്ക് അനുമതിയെന്നും വിജ്ഞാപനത്തിൽ പറയുന്നു. ജനസാന്ദ്രതയേറിയ ഇടങ്ങളിൽ വേലിയേറ്റ പരിധിയിൽ നിന്ന് 50 മീറ്റർ വിട്ടും മറ്റ് തീരപ്രദേശങ്ങളിൽ 200 മീറ്റർ വിട്ടും നിർമാണ പ്രവർത്തനം നടത്താം. നിബന്ധനകൾ പാലിച്ച് പരിസ്ഥിതി സൗഹൃദ റിസോർട്ടുകൾ, ഹോട്ടലുകൾ എന്നിവ നിർമിക്കാം. വിനോദസഞ്ചാര പദ്ധതിയുടെ ഭാഗമായി ഹോംേസ്റ്റകളും തയ്യാറാക്കാം. മത്സ്യത്തൊഴിലാളികൾക്ക് വിനോദസഞ്ചാരം, അലങ്കാര മത്സ്യകൃഷി എന്നിവയിൽ പങ്കാളിത്തം ഉറപ്പാക്കണം. തീരദേശത്തെ ചരിത്ര − പുരാവസ്തു പ്രാധാന്യമുള്ള കെട്ടിടങ്ങൾ സംരക്ഷിക്കണമെന്നും വിജ്ഞാപനത്തിൽ പറയുന്നു.
300 മീറ്റർ വരെയുള്ള നിർമ്മാണപ്രവർത്തികൾക്ക് കേന്ദ്ര വനംപരിസ്ഥിതി മന്ത്രാലയത്തിന്‍റെ അംഗീകാരം വേണമെന്ന നിബന്ധന എടുത്തുകളഞ്ഞു. ഇനി മുതൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ നിന്നും ഇതിനുള്ള അംഗീകാരം തേടാം. അതിനും മുകളിലുള്ള നിർമ്മാണ പ്രവർത്തികൾക്ക് സംസ്ഥാന സർക്കാരാണ് അംഗീകാരം നൽകേണ്ടത്. വൻകിട പദ്ധതികൾക്ക് മാത്രം ഇനി കേന്ദ്രസർക്കാരിന്‍റെ അനുമതി വാങ്ങിയാൽ മതി.