ഹർത്താൽ അക്രമം : ഇന്നലെ അറസ്റ്റിലായത് 185-ഓളം പേർ
മലപ്പുറം : വാട്സാപ്പ് ഹർത്താലിൽ അക്രമം നടത്തിയ സംഭവവുമായി ബന്ധപ്പെട്ട് ജില്ലയിൽ ഇന്നലെ 185−ഓളം പേരെ അറസ്റ്റുചെയ്തു. കണ്ടാലറിയുന്ന മൂവായിരത്തോളം പേർക്കെതിരെ വിവിധ വകുപ്പുകൾ പ്രകാരം പോലീസ് കേസെടുത്തിട്ടുണ്ട്. സംഭവത്തിൽ ഇതുവരെ 90 പേർ റിമാൻഡിലായി. തിരൂരിൽ 102 ബൈക്ക് പിടിച്ചെടുത്തു. മിക്ക കേസുകളിലും ജാമ്യമില്ലാ വകുപ്പുപ്രകാരമാണ് അറസ്റ്റ്. ഇതുവരെ 390−ഓളം പേരാണ് ജില്ലയിൽ അറസ്റ്റിലായത്. വീഡിയോ ദൃശ്യങ്ങളിൽനിന്നും ഫോട്ടോകളിൽ നിന്നുമാണ് അക്രമികളെ തിരിച്ചറിയുന്നത്. പലരും ഒളിവിലാണ്. ജില്ലയിലെ ജയിലുകളിൽ സ്ഥലപരിമിതിയുള്ളതിനാൽ കുറേപ്പേരെ കോഴിക്കോട്ടെ ജയിലിലേക്കും അയച്ചിട്ടുണ്ട്. ഐക്കരപ്പടിയിൽ ഹൈക്കോടതി ജഡ്ജിയുടെ വാഹനം തടഞ്ഞതിനും മഞ്ചേരിയിൽ ഒറ്റപ്പാലം സി.ഐയും കുടുംബവും സഞ്ചരിച്ച വാഹനം തടഞ്ഞതിനും കേസെടുത്തിട്ടുണ്ട്.
തിരൂരിൽ ഇന്നലെ മാത്രം കണ്ടാലറിയുന്ന ആയിരത്തോളം പേർക്കെതിരേ കേസെടുത്തു. ഇവിടെ നിരോധനാജ്ഞ ലംഘിച്ച് ബൈക്ക് റാലി നടത്തിയതിന് 102 ബൈക്ക് പോലീസ് പിടിച്ചെടുത്തു. 20,700 രൂപ പിഴയീടാക്കി. ഹർത്താലിന് ആഹ്വാനം ചെയ്ത്കൊണ്ടുള്ള സന്ദേശം പ്രചരിപ്പിച്ച നൂറ് മൊബൈൽ ഫോണുകൾ പോലീസ് സൈബർ സെല്ലിന് കൈമാറി. പാണ്ടിക്കാട്ട് പന്ത്രണ്ടുപേർ അറസ്റ്റിലായി. നൂറോളം പേർക്കെതിരെ കേസുണ്ട്. ചങ്ങരംകുളത്ത് രണ്ടുപേരെ അറസ്റ്റുചെയ്യുകയും നൂറോളം പേർക്കെതിരെ കേസെടുക്കുകയുംചെയ്തു. വണ്ടൂരിൽ അഞ്ചുപേരെ അറസ്റ്റ് ചെയ്തു. മുന്നൂറോളം പേർക്കെതിരേയാണ് കേസ്. വാണിയന്പലത്ത് നൂറുപേർക്കെതിരെ കേസെടുത്തു. ചെമ്മലശ്ശേരി കൃഷ്ണപുരം ക്ഷേത്രത്തിന്റെ കൊടിമരം നശിപ്പിച്ച കേസിൽ കൊളത്തൂരിലും മൂന്നുപേരെ അറസ്റ്റുചെയ്തു. വഴിക്കടവിൽ ദേശീയപതാക ഉപയോഗിച്ച് പ്രകടനംനടത്തിയ മുന്നൂറ് പേർക്കെതിരെ കേസെടുക്കുകയും ഒരാളെ അറസ്റ്റുചെയ്യുകയും ചെയ്തു. എടക്കര പോലീസ് േസ്റ്റഷൻ പരിധിയിൽ ഇന്നലെ ഇരുപതുപേരെ അറസ്റ്റു ചെയ്തിട്ടുണ്ട്. വേങ്ങരയിൽ പത്തുപേരെയും എടവണ്ണയിൽ 25 പേരേയുമാണ് അറസ്റ്റ് ചെയ്തത്. ആക്രമികൾക്കായി പോലീസ് വ്യാപകമായി തിരച്ചിൽ നടത്തിവരികയാണ്. അക്രമം നടത്തിയവരെയെല്ലാം പിടികൂടുമെന്നും അറസ്റ്റും റെയ്ഡും തുടരുമെന്നും സ്പെഷ്യൽ ബ്രാഞ്ച് ഡിവൈ.എസ്.പി. ഉല്ലാസ് അറിയിച്ചു.