പാലിൽ മായം ചേർക്കുന്നത് ജാമ്യം കിട്ടാത്ത കുറ്റം
മുംബൈ : പാലിൽ മായം ചേർക്കുന്നത് ജാമ്യം കിട്ടാത്ത കുറ്റമാക്കിക്കൊണ്ട് നിയമനിർമ്മാണം നടത്താൻ മഹാരാഷ്ട്രസർക്കാരിന്റെ നീക്കം. പാലിൽ മായം ചേർക്കുന്നവർക്ക് മൂന്നുവർഷം തടവ് ശിക്ഷ നൽകാനുള്ള വകുപ്പ് ഉൾപ്പെടുത്താനും സർക്കാർ ശ്രമിക്കുന്നുണ്ട്.
നിയമസഭയിൽ സംസാരിക്കവേ, ഭക്ഷ്യ സിവിൽ സപ്ലൈസ് മന്ത്രി ഗിരീഷ് ബാപത് ആണ് പാലിൽ മായം ചേർക്കുന്നത് ഗുരുതരകുറ്റമാക്കുന്ന കാര്യം സർക്കാരിന്റെ പരിഗണനയിലാണെന്ന കാര്യം അറിയിച്ചത്. നിലവിൽ പാലിൽ മായം ചേർത്താൽപരമാവധി ശിക്ഷ ആറ് മാസം തടവാണ്. ഇത് ജാമ്യം ലഭിക്കുന്ന കുറ്റമാണ്.
തടവ് ശിക്ഷയുടെ കാലാവധി മൂന്നു വർഷമായി ഉയർത്തിക്കൊണ്ട് കുറ്റം ജാമ്യമില്ലാ വകുപ്പിലുൾപ്പെടുത്താനാണ് സർക്കാരിന്റെ നീക്കം. സഭയിലെ ഭൂരിഭാഗം അംഗങ്ങളും നിയമനിർമ്മാണത്തെ അനുകൂലിച്ചു. ഇത്തരം കുറ്റകൃത്യങ്ങൾക്ക് ജീവപര്യന്തം തടവ്ശിക്ഷ നൽകുന്ന കാര്യം പോലും ആലോചിക്കാവുന്നതാണെന്ന് ചിലർ അഭിപ്രായപ്പെട്ടു.
അതേസമയം, നിയമനിർമ്മാണം കൊണ്ടുവരുന്നതിൽ കടന്പകളേറെയുണ്ടെന്ന് മന്ത്രി ഗിരീഷ് ബാപത് അഭിപ്രായപ്പെട്ടു.

