കഞ്ചാവിന്റെ ഗുണങ്ങൾ പഠിക്കാൻ മോദിയുടെ ഓഫീസിന്‍റെ നിർദ്ദേശം
ന്യൂഡൽഹി : കഞ്ചാവിന്‍റെ ഗുണങ്ങൾ പഠിക്കാൻ ആരോഗ്യ മന്ത്രാലയത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഓഫീസിന്‍റെ നിർദേശം. ഇക്കാര്യത്തിൽ മന്ത്രാലയത്തിന് ലഭിച്ച പരാതിയിൽ ഒരു മാസത്തിനകം മറുപടി നൽകണമെന്നും നിർദേശത്തിൽ പറയുന്നു. ഒരു മാസത്തിനകം പരിശോധന പൂർത്തിയാക്കാൻ ആയില്ലെങ്കിൽ ഇക്കാര്യം വിശദീകരിച്ച് ഒരു ഇടക്കാല മറുപടി നൽകണമെന്നും പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു.
ആരോഗ്യ, വ്യാവസായിക മേഖലയിൽ കഞ്ചാവിന്‍റെ ഉപയോഗം നിയമവിധേയമാക്കണമെന്ന് ആവശ്യപ്പെട്ട് ദ ഗ്രേറ്റ് ലീഗലൈസേഷൻ മൂവ്‌മെന്‍റിന്‍റെ നേതാവ് വിക്കി വറോറയാണ് മോദിക്ക് പരാതി നൽകിയത്. കഴിഞ്ഞ മൂന്ന് മാസത്തിനിടെ കഞ്ചാവ് നിയമ വിധേയമാക്കണമെന്ന് ആവശ്യപ്പെട്ട് രാജ്യത്തിന്‍റെ വിവിധ സ്ഥലങ്ങളിൽ ഈ സംഘം പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. ഇന്ത്യയിലെ 16 നഗരങ്ങളിൽ നിന്നായി ആയിരത്തോളം അംഗങ്ങൾ ഈ സംഘടനയ്ക്കുണ്ടെന്നാണ് കണക്ക്. പുരാണങ്ങളിൽ ശിവച്ചെടി എന്നറിയപ്പെടുന്ന ചെടിയെയാണ് തങ്ങൾ നിയമവിധേയമാക്കണമെന്ന് ആവശ്യപ്പെടുന്നതെന്നാണ് ഇവരുടെ വാദം. 2014ൽ ഈ കൂട്ടായ്മ തുടങ്ങിയ ശേഷം ആയിരത്തോളം രോഗികൾക്ക് സഹായം എത്തിക്കാൻ സാധിച്ചതായും രാജ്യം ഉടൻ തന്നെ കഞ്ചാവിന്റെ ഗുണങ്ങളെക്കുറിച്ച് മനസിലാക്കുമെന്നും വിക്കി വറോറ വ്യക്തമാക്കി.

