ഇ-സ്കൂട്ടർ ഉപയോഗത്തിന് കർശന വിലക്ക്; ബഹ്റൈനിൽ തടവും വൻ പിഴയും


പ്രദീപ് പുറവങ്കര

മനാമ: രാജ്യത്ത് ഇലക്ട്രിക് സ്കൂട്ടറുകളുടെയും ബൈക്കുകളുടെയും അപകടകരവും നിയമവിരുദ്ധവുമായ ഉപയോഗത്തിനെതിരെ പരിശോധനകളും നടപടികളും കടുപ്പിച്ച് ബഹ്റൈൻ. ട്രാഫിക് നിയമലംഘനങ്ങൾ നടത്തുന്നവർക്ക് ആറ് മാസം വരെ തടവും 500 ദിനാർ വരെ പിഴയും ലഭിക്കുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. 2026-ലെ 58-ാം നമ്പർ പ്രമേയം നടപ്പിലാക്കുന്നതിന്റെ ഭാഗമായി എല്ലാ ഗവർണറേറ്റുകളിലെയും പോലീസ് ഡയറക്ടറേറ്റുകളുമായി സഹകരിച്ച് ട്രാഫിക് പരിശോധനകൾ ശക്തമാക്കുമെന്ന് ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് വ്യക്തമാക്കി.

നവീകരിച്ച നിബന്ധനകൾ പ്രകാരം, ഇ-സ്കൂട്ടറുകൾ ഇതിനായി നീക്കിവെച്ചിട്ടുള്ള നിശ്ചിത മേഖലകളിൽ മാത്രമേ ഉപയോഗിക്കാവൂ. വേഗത മണിക്കൂറിൽ 25 കിലോമീറ്ററിൽ കൂടാൻ പാടില്ല. സ്കൂട്ടറുകളിൽ മറ്റൊരാളെ ഇരുത്തി യാത്ര ചെയ്യുന്നതും ട്രാഫിക് ദിശയ്ക്ക് വിപരീതമായി സഞ്ചരിക്കുന്നതും പൂർണ്ണമായും നിരോധിച്ചിട്ടുണ്ട്. ഹെൽമെറ്റ്, തോളുകൾ, കൈകൾ, കാലുകൾ എന്നിവ മറയ്ക്കുന്ന സുരക്ഷാ കവചങ്ങൾ എന്നിവ നിർബന്ധമാണ്.

ഏഴ് വയസ്സിൽ താഴെയുള്ള കുട്ടികൾ മാതാപിതാക്കളുടെയോ രക്ഷാകർത്താക്കളുടെയോ നേരിട്ടുള്ള മേൽനോട്ടമില്ലാതെ ഇ-സ്കൂട്ടറുകൾ ഉപയോഗിക്കാൻ പാടില്ല. കുട്ടികൾ നിയമങ്ങൾ ലംഘിച്ച് വാഹനം ഓടിക്കുന്നത് തടയാനുള്ള ഉത്തരവാദിത്തം മാതാപിതാക്കൾക്കാണെന്ന് ട്രാഫിക് ഡയറക്ടറേറ്റ് ഓർമ്മിപ്പിച്ചു. ട്രാഫിക് പോലീസിന്റെ നിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്നും വാഹനം നിർത്താൻ ആവശ്യപ്പെട്ടാൽ ഉടൻ നിർത്തണമെന്നും ലംഘിക്കുന്നവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും മുന്നറിയിപ്പുണ്ട്.

റോഡ് സുരക്ഷ ഉറപ്പാക്കുന്നതിനുള്ള ഈ നടപടികൾക്ക് പാർലമെന്റ് ഫോറിൻ അഫയേഴ്സ്, ഡിഫൻസ് ആന്റ് നാഷണൽ സെക്യൂരിറ്റി കമ്മിറ്റി ചെയർമാൻ ഹസൻ ബുഖമ്മസ് പിന്തുണ പ്രഖ്യാപിച്ചു. ഉത്തരവാദിത്തമില്ലാത്ത ഡ്രൈവിംഗ് ജനങ്ങളുടെ ജീവന് ഭീഷണിയാകുന്നത് തടയാൻ കർശന നിയമനടപടികൾ അത്യാവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു. ബുദയ്യയിൽ 11 വയസ്സുകാരൻ ഇ-സ്കൂട്ടർ അപകടത്തിൽ മരിച്ചതിനെ തുടർന്ന് നോർത്തേൺ മുനിസിപ്പൽ കൗൺസിലർ മുഹമ്മദ് അൽ ദോസരി ഇ-സ്കൂട്ടറുകൾക്ക് ബാർകോഡ്/QR കോഡ് അടിസ്ഥാനമാക്കിയുള്ള ദേശീയ രജിസ്ട്രേഷൻ സിസ്റ്റം വേണമെന്ന നിർദ്ദേശം മുന്നോട്ടുവെച്ചിരുന്നു. ഇതിന്റെ തുടർനടപടികൾ കൂടിയാണ് പുതിയ നിയമങ്ങൾ.

article-image

ddfsdfsdf

You might also like

  • Lulu Exchange
  • Straight Forward

Most Viewed