50, 200 രൂപ കറൻസികൾ പിൻവലിച്ച് പുതിയത് ഇറക്കുന്നത് പരിഗണിക്കണം : ഡൽഹി ഹൈക്കോടതി
ന്യൂഡൽഹി : റിസർവ് ബാങ്ക് പുതുതായി ഇറക്കിയ 50, 200 രൂപ കറൻസികൾ പിൻവലിച്ച് പുതിയത് ഇറക്കുന്ന കാര്യം പരിഗണിച്ചുകൂടേയെന്ന് ഡൽഹി ഹൈക്കോടതി. പുതിയ നോട്ടുകൾ കാഴ്ചാൈവകല്യമുള്ളവർക്ക് തിരിച്ചറിയാൻ പ്രയാസമാണെന്ന് ചൂണ്ടിക്കാട്ടി നൽകപ്പെട്ട ഹർജി പരിഗണിക്കവേയാണ് ഹൈക്കോടതി, കേന്ദ്രസർക്കാരിനോടും റിസർവ് ബാങ്കിനോടും നിലപാട് ആരാഞ്ഞത്. പുതിയ അന്പതിന്റെയും ഇരുന്നൂറിന്റെയും നോട്ടുകളുടെ വലുപ്പ വ്യത്യാസം കാഴ്ചാവൈകല്യമുള്ളവർക്ക് തിരിച്ചറിയാൻ പ്രസാസം സൃഷ്ടിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി ഡൽഹിയിലെ ഓൾ ഇന്ത്യ കോൺഫെഡറേഷൻ ഓഫ് ബ്ലൈന്റ്‌സ് ആണ് പൊതു താൽപര്യഹർജി നൽകിയത്.
ഈ ഹർജി പരിഗണിക്കുന്പോഴാണ് ഡൽഹി ഹൈക്കോടതി ആക്ടിംഗ് ചീഫ് ജസ്റ്റീസ് ഗീത മിത്തലിന്റെയും ജസ്റ്റീസ് സി.ഹരിശങ്കറിന്റെയും ബെഞ്ച് നോട്ടുകൾ പിൻവലിച്ച് പകരം പുതിയത് ഇറക്കുന്ന കാര്യം കേന്ദ്രത്തോടും ആർ.ബി.ഐയോടും ആരാഞ്ഞത്. 2016 ൽ കേന്ദ്രസർക്കാർ കൊണ്ടുവന്ന നോട്ടുനിരോധനത്തെ തുടർന്നുണ്ടായ ചില്ലറ ക്ഷാമം പരിഹരിക്കുന്നതിന്റെ ഭാഗമായാണ് പുതിയ 200 രൂപയുടെയും അന്പതിന്റെയും കറൻസികൾ ആർ.ബി.ഐ പുറത്തിറക്കിയത്.
1,2,5,10 രൂപ നാണയങ്ങളും കാഴ്ചാവൈകല്യമുള്ളവർക്ക് പ്രശ്‌നങ്ങൾ സൃഷ്ടിക്കുന്നുണ്ടെന്നും ഇവ മാറ്റാൻ ഉത്തരവിടണമെന്നും ഹർജിക്കാർ ആവശ്യപ്പെട്ടു.