പ്രതീക്ഷകളെ ശക്തിപ്പെടുത്തുന്ന ബജറ്റ് : മോദി
ന്യൂഡൽഹി : ധനമന്ത്രി അരുൺ ജെയ്റ്റ്‌ലി അവതരിപ്പിച്ച ബജറ്റിലെ നേട്ടങ്ങളെ പ്രശംസിച്ചു കൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഭാരതത്തിലെ 120 കോടി ജനതയുടെ സ്വപ്നങ്ങൾ ശക്തിെപ്പടുത്തുന്നതാണ് ബജറ്റെന്ന് മോദി പറഞ്ഞു. കർഷകരോടും സാധാരണക്കാരോടും ബിസിനസുകാരോടും വികസനത്തിനും സൗഹൃദമായുള്ള ബജറ്റാണ് അവതരിപ്പിച്ചിരിക്കുന്നത്. കർഷകരുടെ വരുമാനം വർധിപ്പിക്കുന്നതിലാണ് സർക്കാർ ഊന്നൽ നൽകിയിരിക്കുന്നത്. സംസ്ഥാനങ്ങളുമായി ആലോചിച്ചായിരിക്കും പദ്ധതികൾ നടപ്പാക്കുക.
കർഷകരും ദളിതരും ആദിവാസി സമുഹങ്ങളുമായിരിക്കും ബജറ്റിലുടെ കൂടുതൽ നേട്ടമുണ്ടാക്കുക. ഗ്രാമീണ മേഖലയ്ക്ക് കൂടുതൽ അവസരങ്ങൾ തുറന്നുനൽകും. കിസാൻ ക്രെഡിറ്റ് കാർഡ് വഴി കർഷകർക്ക് എളുപ്പത്തിൽ ലഭ്യമാകും. ലോകത്തെ ഏറ്റവും ബൃഹത്തായ ആരോഗ്യ പരിരക്ഷാ പദ്ധതിയാണ് സർക്കാർ പ്രഖ്യാപിച്ചിരിക്കുന്നത്.
പുതിയ 24 മെഡിക്കൽ കോളജുകൾ രാജ്യമെങ്ങും സ്ഥാപിക്കും. ഇത് ജനതയുടെ ആരോഗ്യ പരിരക്ഷയ്ക്കും മെഡിക്കൽ വിദ്യാഭ്യാസത്തിനും അവസരങ്ങൾ ലഭ്യമാക്കും. മുതിർന്ന പൗരന്മാരുടെ ആശങ്കകൾ എല്ലാം മനസ്സിൽ വച്ചുകൊണ്ടാണ് ബജറ്റ് അവതരിപ്പിച്ചിരിക്കുന്നത്.
പുതിയ ജീവനക്കാർക്ക് ശന്പളത്തിന്റെ 12% മൂന്നു വർഷത്തേക്ക് സർക്കാർ ഇ.പി.എഫിൽ അടയ്ക്കുമെന്നത് ജീവനക്കാരുടെ സാമൂഹ്യ സുരക്ഷയിലുള്ള കരുതലാണ് കാണിക്കുന്നത്. ഈ ബജറ്റോടെ രാജ്യം വികസനത്തിന്റെ ഉന്നതിയിൽ എത്തുമെന്ന് പ്രതീക്ഷിക്കാമെന്നും മോഡി അവകാശപ്പെട്ടു.