സൂരജ് പാൽ അമു ബി.ജെ.പിയിൽ നിന്ന് രാജിവച്ചു
ചണ്ധിഗഡ് : ബി.ജെ.പിയുടെ പ്രാഥമികാംഗത്വത്തിൽ നിന്നും കർണിസേന നേതാവ് സൂരജ് പാൽ അമു രാജിവച്ചു. ബി.ജെ.പി നേതാവായ അമു രജപുത് കർണിസേനയുടെ ദേശീയ സെക്രട്ടറിയാണ്. ഇതിനിടെ പത്മാവത് വിവാദവുമായി ബന്ധപ്പെട്ട സംഘർഷങ്ങളെ തുടർന്ന് പോലീസ് കസ്റ്റഡിയിലെടുത്ത അമുവിന് ജാമ്യം ലഭിച്ചു. ജില്ലാ മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യം നൽകിയത്. റോത്തക്കിലെ ആശുപത്രിയിൽനിന്നും ഡിസ്ജാർജ് ചെയ്തതിനു പിന്നാലെയാണ് അമുവിന് ജാമ്യം ലഭിച്ചത്. കാലപം നടത്തിയതിനും പ്രകോപനപരമായ പ്രസംഗം നടത്തിയതിനും ജനുവരി 26 ന് പോലീസ് കസ്റ്റഡിയിലെടുത്ത ഇയാളെ കഴിഞ്ഞ തിങ്കളാഴ്ച റോത്തക്കിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.
തിങ്കളാഴ്ച കോടതിയിൽ ഹാജരാക്കാനിരിക്കുന്നതിനിടെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. നെഞ്ചു വേദനയെ തുടർന്നായിരുന്നു ആശുപത്രിയിൽ ചികിത്സ തേടിയത്. ചരിത്രവസ്തുതകൾ വളച്ചൊടിച്ചു എന്നാരോപിച്ച് സഞ്ജയ് ലീലാ ബൻസാലിക്കും ദീപികക്കും എതിരെ പ്രകോപനപരമായ പ്രസ്താവനകളുമായി അമു രംഗത്തെത്തിയിരുന്നു. പത്മാവതിലെ നായിക ദീപിക പദുക്കോണിന്‍റെ തലയെടുക്കുന്നവർക്ക് 10 കോടി രൂപയാണ് ഇയാൾ വാഗ്ദാനം ചെയ്തത്.