രാഹുലിനെതിരെ ആർ.എസ്.എസ് രംഗത്ത്
ന്യൂഡൽഹി : ആർ.എസ്.എസിൽ വനിതകളില്ലെന്നും അവർ സ്ത്രീവിരുദ്ധ സംഘടനയാണെന്നുമുള്ള രാഹുൽ ഗാന്ധിയുടെ പരാമർശത്തിനെതിരെ ആർ.എസ്.എസ് രംഗത്ത്. ആർഎസ്.എസ് ചിന്തകനായ പ്രൊഫ. രാകേഷ് സിൻഹയാണ് രാഹുൽ ഗാന്ധിയുടെ പരാമർശത്തിനെതിരെ ട്വീറ്റുമായി രംഗത്ത് വന്നിരിക്കുന്നത്. രാഹുൽ ഗാന്ധിക്കും ചൈനയ്ക്കും വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ ആർ.എസ്.എസിന് സ്വാധീനം വർധിക്കുന്നതിൽ ഒരേപോലെയാണ് വേദനിക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു. ഇത്രയും കാലത്തിനിടയ്ക്ക് എന്താണ് വടക്കുകിഴക്കൻ സംസ്ഥനങ്ങൾക്കായി കോൺഗ്രസ് ചെയിതിട്ടുള്ളതെന്ന് അദ്ദേഹം ചോദിക്കുന്നു. മാത്രമല്ല രാഹുൽ ഗാന്ധിയുടെ സഹോദരി പ്രിയങ്ക ഗാന്ധിയെ ആർ.എസ്.എസ് വനിതാ വിഭാഗമായ രാഷ്ട്ര സേവികാ സമിതിയുടെ ശാഖയിലേക്ക് സ്വാഗതം ചെയ്യാനും രാകേഷ് സിൻഹ മറന്നില്ല. വേണമെങ്കിൽ രാഹുൽ ഗാന്ധിക്കും അവർക്കൊപ്പം വരാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ആർ.എസ.്എസ് തലവൻ മോഹൻ ഭാഗവതിനെതിരെ പരാമർശം നടത്തിയതിനെയും രാകേഷ് സിൻഹ വിമർശിക്കുന്നു. രാഹുൽഗാന്ധി രാജ്യത്തെ സന്യാസി പാരന്പര്യത്തെയാണ് അപമാനിച്ചതെന്ന് അദ്ദേഹം പറയുന്നു.
സന്യാസികൾ സ്ത്രീവിരുദ്ധരാണെന്നാണോ രാഹുൽ ഗാന്ധി പറയുന്നതെന്ന് രാകേഷ് സിൻഹ ചോദിക്കുന്നു. ഇക്കാര്യത്തിൽ രാഹുൽ ഗാന്ധി മാപ്പുപറഞ്ഞേ മതിയാകൂവെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. സ്വന്തം സഹോദരിക്ക് കോൺഗ്രസ് അധ്യക്ഷ സ്ഥാനമോ അല്ലെങ്കിൽ ജനറൽ സെക്രട്ടറി സ്ഥാനമെങ്കിലും നൽകാൻ രാഹുൽ ഗാന്ധി തയ്യാറാവുമോയെന്നും അദ്ദേഹം ചോദിച്ചു. ഇതിന് പിന്നാലെ മേഘാലയ ബി.ജെ.പി ഘടകവും രാഹുൽ ഗാന്ധിക്കെതിരെ രംഗത്ത് വന്നിട്ടുണ്ട്. രാഹുൽ ഗാന്ധിയുടെ പ്രസ്തവന മഹാത്മജിയുടെ പൈതൃകത്തെതന്നെ അപമാനിക്കുന്നതാണെന്നാണ് മേഘാലയ ബി.ജെ.പി ട്വീറ്റ് ചെയ്തത്. സ്ത്രീകളുടെ പ്രസക്തി കുറച്ച് ഉന്നത നേതൃത്വങ്ങളിൽ മാത്രം അവരുടെ പ്രാതിനിത്യം കൊണ്ടുവരുന്നതിനെയാണ് രാഹുൽ ഗാന്ധി സ്ത്രീശാക്തീകരണം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം മേഘാലയിലെ മരുമക്കത്തായ സന്പ്രദായത്തിൽ ജീവിക്കുന്ന സമൂഹത്തെ അപമാനിച്ചുവെന്നും ബി.ജെ.പി മേഘാലയ ഘടകം ആരോപിക്കുന്നു.