മധ്യപ്രദേശ് തദ്ദേശ തിരഞ്ഞെടുപ്പ് : തിരിച്ച് വരവ് നടത്തി കോൺഗ്രസ്
ഭോപ്പാൽ : മധ്യപ്രദേശിൽ തദ്ദേശ സ്ഥാപനങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ തിരിച്ചുവരവ് നടത്തി കോൺഗ്രസ്. 19 തദ്ദേശ സ്ഥാപനങ്ങളിൽ ഒന്പത് ഇടങ്ങളിൽ വീതം കോൺഗ്രസും ബി.ജെ.പിയും പ്രസിഡണ്ട് സ്ഥാനം നേടി. ഒരിടത്ത് സ്വതന്ത്രനാണ് പ്രസിഡണ്ട് പദത്തിലേക്ക് ജയിച്ചത്. ആറ് നഗരപാലികകളിൽ കോൺഗ്രസ് നാലിടത്ത് വിജയിച്ചപ്പോൾ ബി.ജെ.പിക്ക് രണ്ടിടത്തെ ജയിക്കാനായുള്ളൂ. എന്നാൽ ഏഴ് നഗരപാലിക പരിഷത്തുകളിൽ ബി.ജെ.പിക്ക് വിജയിക്കാനായി. കോൺഗ്രസ് വിജയിച്ചത് അഞ്ചിടത്താണ്. രാജ്ഘട്ടിലും ഗേവാസിലും കോൺഗ്രസ് ബി.ജെ.പിയിൽ നിന്ന് ഭരണം തിരിച്ചുപിടിച്ചു. അനുപ്പൂരിൽ ബി.ജെ.പി വിമതനാണ് പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ടത്.
സമീപകാലത്ത് തദ്ദേശ സ്ഥാപനങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ ഏറ്റവും മികച്ച പ്രകടനമാണിത്. ബി.ജെ.പിക്ക് തിളക്കം കുറഞ്ഞ വിജയവും. 2003 മുതൽ സംസ്ഥാന ഭരണത്തിന് പുറത്ത് നിൽക്കുന്ന കോൺഗ്രസിന് ആത്മവിശ്വാസം പകരുന്നതാണ് ഈ വിജയം. മുതിർന്ന കോൺഗ്രസ് നേതാക്കളൊന്നും പ്രചരണത്തിനെത്താതിരുന്നിട്ടും ജനങ്ങൾ കോൺഗ്രസിനൊപ്പം നിന്നത് ശുഭസൂചനയാണെന്ന് പാർട്ടി വിലയിരുത്തുന്നു. ദ്വിഗ് വിജയ് സിംഗിന്റെ മകൻ ജയവർധൻ സിങ്ങാണ് കോൺഗ്രസ് പ്രചാരണത്തിന് ചുക്കാൻ പിടിച്ചത്. ്രപമുഖ കോൺഗ്രസ് നേതാക്കൾ ആരും പ്രചാരണരംഗത്തില്ലായിരുന്നു.
മറുവശത്ത് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ നിരവധി റാലികളും റോഡ്ഷോകളും നടത്തിയിട്ടും ബി.ജെ.പിക്ക് മുന്നേറാനായില്ല. കോൺഗ്രസിന്റെ കോട്ടയായ രാഗോഘട്ടിൽ 24 സീറ്റിൽ 20 സീറ്റും കോൺഗ്രസ് നേടി. രണ്ട് ദശാബ്ദമായി ദ്വിഗ് വിജയ് സിംഗിന്റെ തട്ടകമായ രാഗോഘട്ടിൽ അദ്ദേഹത്തിന്റെ മകൻ ജയ് വർധൻ സിങ്ങിനെ മുന്നിർത്തിയാണ് കോൺഗ്രസ് മത്സരിച്ചത്. ബി.ജെ.പിക്ക് നേരെയുള്ള ജനങ്ങളുടെ ഭരണവിരുദ്ധ വികാരം വെളിപ്പെടുത്തുന്നതായി തിരഞ്ഞെടുപ്പ് ഫലം. പ്രതീക്ഷിച്ച വിജയം നേടാനാവാത്തതിന്റെ കാരണങ്ങൾ പരിശോധിച്ച് വിലയിരുത്തുമെന്നും നിയമസഭാ തിരഞ്ഞെടുപ്പിൽ പോരായ്മകൾ മറികടക്കുമെന്നും ബി.ജെ.പി പ്രതികരിച്ചു. ബി.ജെ.പിയുടെ വാഗ്ദാനലംഘനങ്ങൾക്കും ഭരണപരാജയത്തിനുമുള്ള മറുപടിയാണ് ജനങ്ങൾ തിരഞ്ഞെടുപ്പിലൂടെ നൽകിയതെന്ന് കോൺഗ്രസ് അഭിപ്രായപ്പെട്ടു.
ഈ വർഷം നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന്റെ സെമിഫൈനലായി വിശേഷിപ്പിക്കപ്പെട്ടിരുന്ന തിരഞ്ഞെടുപ്പിലാണ് കോൺഗ്രസ് ബി.ജെ.പിക്കൊപ്പമെത്തിയിരിക്കുന്നത്.

