രാജ്യന്തര ചലച്ചിത്രമേളയ്ക്ക് ഇന്ന് സമാപനം
തിരുവനന്തപുരം : ഒരാഴ്ചനീണ്ട കേരള രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് ഇന്ന് തിരശ്ശീല വീഴും. വൈകീട്ട് ആറിന് നിശാഗന്ധിയിൽ നടക്കുന്ന സമാപന ചടങ്ങ് മന്ത്രി തോമസ് ഐസക് ഉദ്ഘാടനം ചെയ്യും. മന്ത്രി എ.കെ ബാലൻ അദ്ധ്യക്ഷനാകുന്ന ചടങ്ങിൽ മന്ത്രി കടകംപള്ളി സുരേന്ദ്രൻ മുഖ്യാതിഥിയാകും.
ചലച്ചിത്ര രംഗത്തെ സമഗ്രസംഭാവനയ്ക്കുള്ള പുരസ്‌കാരം വിഖ്യാത റഷ്യൻ സംവിധായകൻ അലക്‌സാണ്ടർ സൊകുറോവിന് നൽകും. അലക്‌സാണ്ടർ സൊകുറോവിന്റെ ആറ് ചിത്രങ്ങളും ഈ മേളയിൽ പ്രദർശിപ്പിച്ചു. ഏഷ്യ, ആഫ്രിക്ക, ലാറ്റിനമേരിക്ക എന്നിവിടങ്ങളിൽ നിന്നുള്ള 14 ചിത്രങ്ങളാണ് മത്സരവിഭാഗത്തിലുണ്ടായിരുന്നത്. മികച്ച ചിത്രത്തിനുള്ള സുവർണചകോരം, മികച്ച സംവിധായകനുള്ള രജതചകോരം, മികച്ച കന്നി സംവിധായകനുള്ള രജതചകോരം, ഫിപ്രസി പുരസ്‌കാരം, മികച്ച ഏഷ്യൻ ചിത്രത്തിനുള്ള നെറ്റ്പാക് പുരസ്‌കാരം, മത്സരവിഭാഗത്തിലെ മികച്ച ചിത്രത്തിനുള്ള കാഴ്ചക്കാരുടെ പുരസ്‌കാരം തുടങ്ങിയവ സമാപനച്ചടങ്ങിൽ പ്രഖ്യാപിക്കും.
സുവർണചകോരം നേടുന്ന ചിത്രം സമാപനച്ചടങ്ങുകൾക്ക് ശേഷം നിശാഗന്ധിയിൽ പ്രദർശിപ്പിക്കും. 65 രാഷ്ട്രങ്ങളിൽ നിന്നുള്ള 190 ചിത്രങ്ങളാണ് 22−ാം രാജ്യാന്തര ചലച്ചിത്രമേളയിൽ ഉണ്ടായിരുന്നത്.
36 ചിത്രങ്ങളുടെ ആദ്യ പ്രദർശനത്തിനും മേള വേദിയായി. ഇതിൽ നാലെണ്ണത്തിന്റേത് ആഗോളതലത്തിലെ ആദ്യ പ്രദർശനമായിരുന്നു. ഏഴു വിഭാഗങ്ങളിലായാണ് ചിത്രങ്ങൾ പ്രദർശിപ്പിച്ചത്. 35 വനിതാ സംവിധായകരുടെ ചിത്രങ്ങൾ പ്രദർശിപ്പിച്ചുവെന്ന പ്രത്യേകതയും മേളയ്ക്കുണ്ട്. മേളയുടെ ചരിത്രത്തിലാദ്യമായി ഒരു ഹൊറർ ചിത്രവും പ്രദർശിപ്പിച്ചു. 11000 ഡെലിഗേറ്റുകളായിരുന്നു ഇക്കുറി മേളയ്ക്കുണ്ടായിരുന്നത്.

