കാശ്മീർ പ്രതിഷേധക്കാരുടെ കേസുകൾ പിൻവലിക്കാനൊരുങ്ങി കേന്ദ്രം
ശ്രീനഗർ : ജമ്മുകാശ്മീരിൽ സൈന്യത്തിനെതിരായി നടന്ന പ്രതിഷേധങ്ങളിൽ കല്ലേറ് നടത്തിയവരുടെ കേസുകൾ പിൻവലിക്കാനൊരുങ്ങി കേന്ദ്രം. ബുർഹാൻ വാനിയുടെ വധത്തിന് ശേഷമുണ്ടായ പ്രതിഷേധങ്ങളിലെ കല്ലേറുമായി ബന്ധപ്പെട്ട കേസുകളാണ് പിൻവലിക്കുന്നത്. ഈ പ്രതിഷേധങ്ങളിൽ പങ്കെടുത്ത, നേരത്തെ സമാന കേസുകൾ നിലവിലില്ലാത്തവർക്കാണ് വിടുതൽ ലഭിക്കുക.
ഇത് സംബന്ധിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രാലയം കാശ്മീർ സർക്കാരിനോട് ആവശ്യം ഉന്നയിച്ചിട്ടുണ്ട്. കാശ്മീർ മധ്യസ്ഥ ചർച്ചകളുടെ ഭാഗമായാണ് കേന്ദ്രസർക്കാരിന്‍റെ അപ്രതീക്ഷിത നീക്കമുണ്ടായിരിക്കുന്നത്. കേന്ദ്രം നിയോഗിച്ച മധ്യസ്ഥൻ നടത്തുന്ന ശ്രമങ്ങൾ പരാജയപ്പെടുകയാണെന്ന വിമർശനങ്ങൾക്കിടെയാണ് തീരുമാനം.


