ദാവൂദ് ഇബ്രാഹിം ഫോണിലൂടെ ബന്ധപ്പെടാറുണ്ടെന്ന് സഹോദരൻ

മുംബൈ : അധോലോക നായകൻ ദാവൂദ് ഇബ്രാഹിം എവിടെയാണെന്ന കാര്യത്തിൽ ഇന്ത്യൻ രഹസ്യാന്വേഷണ ഏജൻസികൾ സംശയം പ്രകടിപ്പിക്കുന്പോഴും, കഴിഞ്ഞ കുറച്ചു നാളുകൾക്കിടെ നാലോളം തവണ ദാവൂദുമായി ഫോണിൽ ബന്ധപ്പെട്ടിരുന്നുവെന്ന വെളിപ്പെടുത്തലുമായി ഇളയ സഹോദരൻ ഇക്ബാൽ കസ്കർ. അടുത്തിടെ ദാവൂദിന്റെ ഭാര്യ ഇന്ത്യ സന്ദർശിച്ചു എന്ന റിപ്പോർട്ടിന് പിന്നാലെയാണ് ദാവുദ് ഇബ്രാഹിമുമായി അടുത്തിടെ നാല് തവണ സംസാരിച്ചതായി അറസ്റ്റിലായ ദാവൂദിന്റെ സഹോദരൻ ഇക്ബാൽ കസ്‌കർ പറഞ്ഞത്. കഴിഞ്ഞയാഴ്ചയായിരുന്നു ഇക്ബാൽ കസ്കറിനെ താനെ പോലീസിന്റെ കവർച്ചാ വിരുദ്ധ സംഘം അറസ്റ്റ് ചെയ്തത്.
ഇന്റലിജൻസ് ഏജൻസികൾ ഫോൺ ചോർത്താനുള്ള സാധ്യത കണക്കിലെടുത്ത് പ്രത്യേകം നിർമ്മിച്ച ‘ബേണർ ഫോണു’കളും ‘സിം ബോക്സു’കളും ഉപയോഗിച്ചായിരുന്നു വിളികളെന്നും കസ്കർ വ്യക്തമാക്കി. ഒരു പ്രത്യേക ആവശ്യത്തിനായി ഉപയോഗിക്കുന്ന പ്രീപെയ്ഡ് ഫോണുകളാണ് ‘ബേണർ ഫോണു’കൾ. ആവശ്യം കഴിയുന്പോൾ ഇത്തരം ഫോണുകൾ നശിപ്പിച്ചു കളയാറാണ് പതിവ്. അതുകൊണ്ടുതന്നെ ഇന്റലിജൻസ് ഏജൻസികൾക്ക് ബേണർ ഫോണുകളിലൂടെയുള്ള വിളികളെ പിന്തുടരാനാകില്ല. അതേസമയം, വിളിക്കുന്നയാളുടെ നന്പറും മറ്റ് വിശദാംശങ്ങളും രഹസ്യമാക്കി െവയ്ക്കാൻ സഹായിക്കുന്ന സംവിധാനമാണ് ‘സിം ബോക്സ്’ എന്ന് അറിയപ്പെടുന്നത്.
ഇന്ത്യ തേടുന്ന അധോലോക നായകൻ പാകിസ്ഥാനിൽ തന്നെ ഉണ്ടെന്നാണ് കസ്‌കർ വെളിപ്പെടുത്തിയിരിക്കുന്നത്. കസ്‌കറിന്റെ വെളിപ്പെടുത്തലിന് പിന്നാലെ പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.