മന്ത്രി­ തോ­മസ് ചാ­ണ്ടി­ക്കെ­തി­രെ­ സമരം ശക്തമാ­ക്കാൻ പ്രതി­പക്ഷം


തിരുവനന്തപുരം : അഴിമതി ആരോപണ വിധേയനായ ഗതാഗതമന്ത്രി തോമസ് ചാണ്ടിക്കെതിരായ സമരം ശക്തമാക്കാൻ പ്രതിപക്ഷം. 29നും 30നും മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ആലപ്പുഴയിലും കുട്ടനാട്ടിലുമായി കോൺ‍ഗ്രസ് മാർ‍ച്ചും പൊതുയോഗവും സംഘടിപ്പിക്കും. 

തോമസ് ചാണ്ടിക്കെതിരെ കൂടുതൽ തെളിവുകൾ പുറത്തുവരുന്പോഴും മുഖ്യമന്ത്രി പിണറായി വിജയൻ മൗനവ്രതത്തിലാണ്. മാധ്യമങ്ങളുടെ തുടർച്ചയായുള്ള ചോദ്യങ്ങളെ മുഖ്യമന്ത്രി വീണ്ടും അവഗണിച്ചു. വിഷയത്തിൽ നിയമസഭയിൽ നടത്തിയ പ്രതികരണമൊഴിച്ച് മുഖ്യമന്ത്രി ഈ വിഷയത്തിൽ വായ തുറന്നിട്ടില്ല. അതേസമയം, അന്തിമ റിപ്പോർട്ട് ലഭിക്കുന്നതുവരെ കാത്തിരിക്കാനാണ് മുഖ്യമന്ത്രിയുടെ തീരുമാനമെന്നാണ് സൂചന.

മുഖ്യമന്ത്രിയുടെ നിലപാട് അത്ഭുതപ്പെടുത്തുന്നുവെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. തോമസ് ചാണ്ടിക്കെതിരെ കേസെടുത്ത് അന്വേഷണം നടത്തണം. ഇക്കാര്യം ആവശ്യപ്പെട്ട് റവന്യൂ മന്ത്രിക്ക് താൻ കത്ത് നൽകുമെന്നും അദ്ദേഹം വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

മന്ത്രിക്കെതിരെ കളക്ടറുടെ പ്രാഥമിക റിപ്പോർട്ട് ഉണ്ടായിട്ടും അദ്ദേഹത്തെ തുടരാൻ അനുവദിക്കുന്നത് ശരിയല്ല. ഭൂമി കൈയേറിയെന്ന് മന്ത്രി തോമസ് ചാണ്ടി തന്നെ വാർത്താ സമ്മേളനത്തിൽ സമ്മതിച്ചിട്ടുണ്ട്. തണ്ണീർത്തട സംരക്ഷണ നിയമത്തിന്റെ ലംഘനം നടന്നിട്ടുണ്ട്. രണ്ട് വർഷം വരെ തടവും ഒരു ലക്ഷം രൂപ വരെ പിഴയും ലഭിക്കാവുന്ന കുറ്റമാണ് മന്ത്രി ചെയ്തിരിക്കുന്നത്. കൈയ്യേറി നികത്തിയ ഭാഗം കാണിച്ചു തന്നാൽ മണ്ണ് മാറ്റി പൂർവ്വസ്ഥിതിയിൽ ആക്കാമെന്നാണ് മന്ത്രി പറയുന്നത്. മോഷണം നടത്തിയ ശേഷം മോഷണ മുതൽ തിരിച്ചു നൽകാമെന്ന് പറയുന്നതിന് തുല്യമാണിതെന്നും ചെന്നിത്തല പരിഹസിച്ചു. മന്ത്രിയെ സംരക്ഷിക്കുന്നതായി വി.എസ് അച്യുതാനന്ദൻ പറഞ്ഞ പ്രമാണി, പിണറായിയാണോ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനാണോ എന്ന് വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

മന്ത്രി തോമസ് ചാണ്ടിക്ക് മന്ത്രിസഭയിൽ തുടരാൻ അർഹതയില്ലെന്ന് മുൻ കെ.പി.സി.സി അദ്ധ്യക്ഷൻ വി.എം സുധീരൻ പറഞ്ഞു. തോമസ് ചാണ്ടിയുടെ കൈയ്യേറ്റത്തിനെതിരെ കൃത്യമായ നടപടി സ്വീകരിക്കാൻ ബാധ്യതപ്പെട്ട മുഖ്യമന്ത്രി വിഷയത്തിൽ‍ മൗനം പാലിക്കുകയാണ്. സർക്കാരിന്‍റെ മുഖം ഇപ്പോൾ വികൃതമായിക്കൊണ്ടിരിക്കുകയാണ്. വിഷയത്തിൽ‍ സി.പി.എം കേന്ദ്ര നേതൃത്വം നിസംഗത പുലർ‍ത്തുകയാണെന്നും സുധീരൻ ആരോപിച്ചു.

ഇക്കാര്യത്തിൽ‍ കൃത്യമായ നടപടി സ്വീകരിക്കാൻ ബാധ്യതപ്പെട്ട മുഖ്യമന്ത്രി തികച്ചും നിഷ്‌ക്രിയമായ നിലപാടാണ് സ്വീകരിക്കുന്നത്. മന്ത്രിസഭയിൽ‍ തുടരാൻ ഒരു നിലയ്ക്കും തോമസ് ചാണ്ടിക്ക് അർ‍ഹതയില്ലെന്ന് അദ്ദേഹത്തിന്റെ നടപടികൾ‍ തെളിയിച്ചിരിക്കുകയാണ്. മന്ത്രിസഭയിൽ‍ നിന്ന് ഗതാഗതമന്ത്രിയെ പുറത്താക്കാൻ എത്ര വൈകുന്നുവോ അത്രയും കൂടുതൽ‍ ഈ സർ‍ക്കാരിന്റെ മുഖം വികൃതമായിക്കൊണ്ടിരിക്കുകയാണെന്ന് സുധീരൻ പറഞ്ഞു.

അതേസമയം തോമസ് ചാണ്ടി മന്ത്രിയായതിന് ശേഷവും അധികാര ദുർ‍വ്വിനിയോഗം നടത്തി സർ‍ക്കാർ‍ ഭൂമി കയ്യേറിയതായി റിപ്പോർട്ട്.  മാർ‍ത്താണ്ധം കായലിൽ‍ സർ‍ക്കാർ‍ പുറന്പോക്ക് വഴിയും സർ‍ക്കാർ‍ മിച്ച ഭൂമിയും മറ്റ് പ്ലോട്ടുകൾ‍ക്കൊപ്പം കയ്യേറി നികത്തിയത് തോമസ് ചാണ്ടി മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ശേഷമാണെന്ന് തെളിയിക്കുന്ന വില്ലേജ് ഓഫീസറുടെ റിപ്പോർ‍ട്ടിൽ‍ ഒരു നടപടിയുമുണ്ടായില്ല. ഇക്കഴിഞ്ഞ മെയ് മാസം 26 നാണ് കൈനകരി വടക്ക് വില്ലേജോഫീസർ‍ മന്ത്രി തോമസ് ചാണ്ടിക്ക് നിലം നികത്തരുതെന്നാവശ്യപ്പെട്ട് സ്റ്റോപ്പ് മെമ്മോ നൽ‍കിയത്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed