ജെറ്റ് എയർവേസ് ചിലവ് ചുരുക്കുന്നു
ന്യൂഡൽഹി : ജെറ്റ് എയർവേസ് ചിലവു ചുരുക്കാനൊരുങ്ങുന്നു. അടുത്ത മാസം ഒന്നു മുതൽ മാസം 10 ദിവസം വീതം അവധിയെടുക്കാൻ ജൂണിയർ പൈലറ്റുമാരൊട് ജെറ്റ് എയർവേസ് നിർദ്ദേശിച്ചു. ഇതുവഴി അവരുടെ വേതനത്തിൽ 30 ശതമാനം വരെ കുറവു വരുത്താനാണ് കന്പനിയുടെ തീരുമാനം. നടപടികൾ ജെറ്റ് എയർവേസിന്‍റെ നാനൂറോളം ജൂണിയർ പൈലറ്റുമാരെയാണ്് ബാധിക്കുക.
“കന്പനിയുടെ മൂല്യമേറിയ സ്വത്തായ നിങ്ങളുടെ ജോലി തുടർന്നും നിലനിർത്താൻ ഞങ്ങൾക്ക് ബാധ്യതയുണ്ട്. അതുകൊണ്ടുതന്നെ നമ്മുടെ ചിലവ് ഘടനയിൽ സന്തുലിതാവസ്ഥ കൊണ്ടുവരേണ്ടതുണ്ട്. അതിനാൽ നിങ്ങളുടെ ജീവിതശൈലിയിലെ തൊഴിൽ ഘടന മാറ്റാനുള്ള ഉപാധി മുന്നോട്ടു വയ്ക്കുകയാണ്. ഉചിതമായ വേതനത്തോടൊപ്പം മാസം പത്തു ദിവസത്തെ അവധി തരികയാണ്. ആഗസ്റ്റ് ഒന്നു മുതൽ ഇത് പ്രാബല്യത്തിലാകും”− പൈലറ്റുമാർക്ക് അയച്ച കത്തിൽ ജെറ്റ് എയർവേസ് പറഞ്ഞു.
ഇതിനോട് താത്പര്യമില്ലാത്തവർക്ക് മറ്റു സാധ്യതകൾ തേടാമെന്നും കന്പനി കത്തിൽ പറയുന്നുണ്ട്. അനൂകൂലിച്ചില്ലെങ്കിൽ പിരിഞ്ഞുപൊയ്ക്കൊള്ളാൻ പറയാതെ പറയുകയായിരുന്നു.

