നടിയെ ആക്രമിച്ച കേസ് : മൊബൈൽ ഫോൺ നശിപ്പിച്ചെന്ന് പ്രതീഷ് ചാക്കോ
കൊച്ചി : നടിയെ ആക്രമിച്ച കേസിലെ നിർണായക തെളിവായ ദൃശ്യങ്ങൾ ചിത്രീകരിച്ച മൊബൈൽ ഫോൺ നശിപ്പിച്ചതായി മൊഴി. കേസിലെ മുഖ്യപ്രതി പൾസർ സുനിയുടെ മുൻ അഭിഭാഷകനായ അഡ്വ. പ്രതീഷ് ചാക്കോയാണ് അന്വേഷണസംഘത്തിന് മുന്പാകെ മൊഴി നൽകിയത്. തന്റെ ജൂനിയർ രാജു ജോസഫിനെയാണ് ദൃശ്യങ്ങൾ അടങ്ങിയ മൊബൈൽ ഫോൺ ഏൽപിച്ചിരുന്നത്. പിന്നീട് തിരക്കിയപ്പോൾ മൊബൈൽ കത്തിച്ചു കളഞ്ഞെന്നാണ് പറഞ്ഞതെന്നും പ്രതീഷ് ചാക്കോ പോലീസിന് മൊഴി നൽകി.
നടിയെ ആക്രമിച്ചു ദൃശ്യങ്ങൾ പകർത്തിയ മൊബൈൽ ഫോൺ പ്രതീഷ് ചാക്കോയെ ഏൽപ്പിച്ചുവെന്ന് സുനി മൊഴി നൽകിയതിന്‍റെ അടിസ്ഥാനത്തിൽ പ്രതീഷ് ചാക്കോയെ വ്യാഴാഴ്ച പോലീസ് അറസ്റ്റു ചെയ്തിരുന്നു. ആലുവ പോലീസ് ക്ലബിലെ ചോദ്യം ചെയ്യലിനു ശേഷമായിരുന്നു അറസ്റ്റ്. പിന്നീട് ഇയാളെ ജാമ്യത്തിൽ വിട്ടയച്ചു.

