റിലയൻസ് ജിയോ ഫീച്ചർ ഫോൺ അവതരിപ്പിച്ചു


മുംബൈ : ടെലികോം രംഗത്ത് വൻ ചലനമുണ്ടാക്കി മുകേഷ് അംബാനിയുടെ റിലയൻസ് ജിയോ ഫീച്ചർ ഫോൺ അവതരിപ്പിച്ചു. ഫോൺ‌ സൗജന്യമായി നൽകുമെന്നാണു പ്രഖ്യാപനമെങ്കിലും 1,500 രൂപ സെക്യൂരിറ്റി ഡിപ്പോസിറ്റായി നൽകണം. ഈ തുക മൂന്നു വർഷത്തിനുശേഷം പൂർണമായും ഉപയോക്താവിനു തിരിച്ചുനൽകും. ഫോണിന്റെ ദുരുപയോഗം തടയാനാണ് ഈ തുക വാങ്ങുന്നതെന്നാണു കമ്പനിയുടെ വിശദീകരണം. 2017 അവസാനത്തോടെ ജിയോ ഫോണുകൾ ഇന്ത്യയിൽത്തന്നെ നിർമിച്ചു തുടങ്ങും. ഒരു ആഴ്ചയിൽ 50 ലക്ഷം ഫോണുകൾ നിർമിക്കാനാണ് പദ്ധതി. മുംബൈയില്‍ നടന്ന ജിയോയുടെ വാര്‍ഷിക പൊതു യോഗത്തിലാണ് ഫോണ്‍ പുറത്തിറക്കിയത്.

ഇന്ത്യയിലെ 22 ഭാഷകളെ ഈ ഫോൺ പിന്തുണയ്ക്കുമെന്നു മുകേഷിന്റെ മകൻ ആകാശ് അംബാനി വ്യക്തമാക്കി. ജിയോ ഫോണിൽനിന്നുള്ള എല്ലാ വോയിസ് കോളുകളും സൗജന്യമാണ്. ഓഗസ്റ്റ് 15 മുതൽ 153 രൂപയ്ക്ക് ജിയോ ഫോൺ വഴി അൺലിമിറ്റഡ് ഡേറ്റ നൽകുമെന്നതാണു പ്രധാന പ്രഖ്യാപനം.

ഫോണിന്റെ പ്രത്യേകതകൾ ആകാശ് ക്ഷണിക്കപ്പെട്ട അതിഥികൾക്കു മുന്നിൽ പ്രദർശിപ്പിച്ചു. വോയിസ് റെക്കഗ്നിഷൻ വഴി പ്രധാനമന്ത്രിയുടെ മൻ കി ബാത് റേഡിയോ പ്രഭാഷണ പരമ്പരയുടെ ഒരു ഭാഗം ആകാശ് കേൾപ്പിച്ചു. ജിയോ ഫോണിൽനിന്ന് #5 ബട്ടൻ അമർത്തിയാൽ അപായസന്ദേശം പോകുമെന്നു മുകേഷിന്റെ മകൾ ഇഷ അംബാനി അറിയിച്ചു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed