ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷത്തിന്റെ സ്ഥാനാര്‍ഥിയായി ഗോപാല്‍ കൃഷ്ണ ഗാന്ധി


ന്യൂഡൽഹി : ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷത്തിന്റെ സ്ഥാനാര്‍ഥിയായി മഹാത്മാ ഗാന്ധിയുടെ കൊച്ചുമകനും പശ്ചിമബംഗാള്‍ മുന്‍ ഗവര്‍ണറുമായ ഗോപാല്‍ കൃഷ്ണ ഗാന്ധിയെ തെരഞ്ഞെടുത്തു. ഡൽഹിയില്‍ 17 പ്രതിപക്ഷ പാര്‍ട്ടികള്‍ പങ്കെടുത്ത യോഗത്തിലാണ് ഗോപാല്‍ കൃഷ്ണയെ തെരഞ്ഞെടുക്കാന്‍ തീരുമാനമെടുത്തത്. കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ അധ്യക്ഷതയിലായിരുന്നു യോഗം.

നേരത്തെ രാഷ്ട്രപതി സ്ഥാനത്തേക്ക് പ്രതിപക്ഷ കക്ഷികള്‍ ആദ്യഘട്ടത്തില്‍ സജീവമായി പരിഗണിച്ചിരുന്നയാളാണ് ഗോപാല്‍കൃഷ്ണ ഗാന്ധി. എന്നാല്‍ ബിജെപി മുന്നണി പിന്നോക്കവിഭാഗത്തില്‍ നിന്നുള്ള രാംനാഥ് കോവിന്ദിനെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയാക്കിയതിനെ തുടര്‍ന്നാണ് ഗോപാല്‍കൃഷ്ണ ഗാന്ധിയെ പരിഗണിക്കാതിരുന്നത്. ലോക്‌സഭാ മുന്‍ സ്പീക്കര്‍ മീരാകുമാറിനെയാണ് രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയായി പ്രതിപക്ഷം തെരഞ്ഞെടുത്തത്.

എന്നാൽ രാഷ്ട്രപതി സ്ഥാനത്തേക്ക് ബിജെപി സ്ഥാനാര്‍ത്ഥി രാംനാഥ് കോവിന്ദിനെ പിന്തുണയ്ക്കാന്‍ തീരുമാനിച്ച നതീഷ്‌കുമാറിന്റെ ജെഡിയു, ഉപരാഷ്ട്രപതിസ്ഥാനാര്‍ത്ഥിയായി ഗോപാല്‍കൃഷ്ണ ഗാന്ധിയെ തീരുമാനിച്ച പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗത്തില്‍ പങ്കെടുത്തു. ഇതോടെ ഉപരാഷ്ട്രപതി സ്ഥാനത്തേക്ക് ജെഡിയു പിന്തുണ ഗോപാല്‍കൃഷ്ണ ഗാന്ധിക്കാണെന്ന് വ്യക്തമായി.

ഓഗസ്റ്റ് അഞ്ചിനാണ് ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ്. തെരഞ്ഞെടുപ്പു കമ്മീഷന്‍ വിജ്ഞാപനം അനുസരിച്ചു ജൂലൈ നാലു മുതല്‍ നാമനിര്‍ദേശ പത്രിക നല്‍കാം. ജൂലൈ 18 ആണ് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി. എന്നാല്‍, രാഷ്ട്രപതിസ്ഥാനാര്‍ത്ഥിയെ ആദ്യം പ്രഖ്യാപിച്ച എന്‍ഡിഎ മുന്നണി ഇതുവരെ ആരുടെയും പേരുകള്‍ മുന്നോട്ടുവച്ചിട്ടില്ല.

You might also like

Most Viewed