രവി ശാസ്ത്രിയെ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ പരിശീലകനായി നിയമിച്ചു

മുംബൈ : ഇന്ത്യൻ സീനിയർ ക്രിക്കറ്റ് ടീമിന്റെ പരിശീലകനായി ഇന്ത്യയുടെ മുൻ ടെസ്റ്റ്, ഏകദിന ഓൾറൗണ്ടർ രവി ശാസ്ത്രിയെ നിയമിച്ചു. അഭിമുഖത്തിനു ക്ഷണിച്ച ആറുപേരുടെ ചുരുക്കപ്പട്ടികയിൽ നിന്നാണ് സച്ചിൻ, ഗാംഗുലി, ലക്ഷ്മൺ എന്നിവരടങ്ങിയ ബിസിസിഐ വിദഗ്ധ സമിതി രവി ശാസ്ത്രിയെ തിരഞ്ഞടുത്തത്. ക്യാപ്റ്റൻ വിരാട് കോഹ്‍ലിയുമായുള്ള അഭിപ്രായ ഭിന്നതകളുടെ പേരിൽ അനിൽ കുംബ്ലെ സ്ഥാനമൊഴിഞ്ഞ സാഹചര്യത്തിലാണ് തിരഞ്ഞെടുപ്പെന്നതിനാൽ, കോഹ്‍ലിയുമായി അടുത്ത ബന്ധം പുലർത്തുന്ന രവി ശാസ്ത്രി തന്നെ പരിശീലകനാകുമെന്ന് സൂചനകളുണ്ടായിരുന്നു.
തിങ്കളാഴ്ചയാണ് പരിശീലക സ്ഥാനത്തേക്ക് അപേക്ഷിച്ചവരുടെ അഭിമുഖം നടന്നത്. ഇന്ത്യയുടെ മുൻ ടെസ്റ്റ്, ഏകദിന ഓൾറൗണ്ടറാണ് അമ്പത്തിയഞ്ചുകാരനായ രവി ശാസ്ത്രി. 1981 മുതൽ 92 വരെ കളിക്കളത്തിലുണ്ടായിരുന്നു. ഓപ്പണിങ് ബാറ്റ്സ്മാനായും മധ്യനിരയിലുമൊക്കെ തിളങ്ങിയ ശാസ്ത്രി 80 ടെസ്റ്റുകളിലും 150 ഏകദിനങ്ങളിലും കളിച്ചു. ബോളറായി തുടങ്ങിയ ശാസ്ത്രി പിന്നീട് ഓൾറൗണ്ടർ സ്ഥാനത്തേക്ക് ഉയർന്നു. ടെസ്റ്റിൽ 3830 റൺസും 151 വിക്കറ്റുകളും നേടിയ ശാസ്ത്രി, ഏകദിനത്തിൽ 3108 റൺസും 129 വിക്കറ്റുകളും നേടിയിട്ടുണ്ട്.