ഗോസംരക്ഷണത്തിന്റെ പേരില്‍ രാജ്യത്ത് അരങ്ങേറുന്ന അക്രമങ്ങളെ വിമര്‍ശിച്ച് രാഷ്ട്രപതി പ്രണബ് മുഖര്‍ജി

ന്യൂഡൽഹി : ഗോസംരക്ഷണത്തിന്റെയും ബീഫിന്റെയും പേരില്‍ രാജ്യത്ത് അരങ്ങേറുന്ന അക്രമങ്ങൾക്കെതിരെ രൂക്ഷ വിമര്‍ശനവുമായി രാഷ്ട്രപതി പ്രണബ് മുഖര്‍ജി. ഇത്തരം ഭീതിപടര്‍ത്തുന്ന അവസ്ഥകള്‍ വരുമ്പോള്‍ പ്രതികരിക്കാതെ നിങ്ങളെന്ത് ചെയ്യുകയായിരുന്നുവെന്ന് വരും തലമുറ ചോദിക്കുമെന്ന് അദ്ദേഹം പറഞ്ഞു. 1938ല്‍ ജവഹര്‍ലാല്‍ നെഹ്‌റു സ്ഥാപിച്ച നാഷണല്‍ ഹെറാള്‍ഡ് പത്രത്തിന്റെ പുതിയ വെബ്‌സൈറ്റ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു രാഷ്ട്രപതി.
ഗോസംരക്ഷണത്തിന്റെ പേരില്‍ നടക്കുന്ന അക്രമങ്ങളെ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയും വിമര്‍ശിച്ചു. രാജ്യത്ത് എന്‍ഡിഎ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം നിരവധി പേരാണ് ഗോ സംരക്ഷണത്തിന്റെ പേരില്‍ കൊല്ലപ്പെട്ടതെന്ന് സോണിയ ഗാന്ധി ആരോപിച്ചു. ഗോ സംരക്ഷണത്തിന്റെ പേരില്‍ നടക്കുന്ന കൊലപാതകങ്ങളെ അംഗീകരിക്കാന്‍ കഴിയില്ലെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രസ്താവനയ്ക്കു തൊട്ടു പിന്നാലെയാണ് ഹരിയാനയില്‍ കൊലാപാതകം നടന്നത്. പോത്തിറച്ചി കൈവശംവെച്ചെന്നാരോപിച്ച് ട്രെയിനില്‍ മുസ്‌ലിം യുവാക്കളെ മര്‍ദ്ദിക്കുകയും, ഇതില്‍ ഒരാള്‍ കൊല്ലപ്പെടുകയുമായിരുന്നു. ഹരിയാന സ്വദേശികളായ യുവാക്കളാണ് ആക്രമിക്കപ്പെട്ടത്.
ഡൽഹിയില്‍ നിന്നും ഈദിനുള്ള സാധനങ്ങള്‍ വാങ്ങിവന്ന യുവാക്കള്‍ ഒഖല സ്റ്റേഷനിലെത്തിയപ്പോള്‍, ചിലര്‍ ട്രെയിനില്‍ കയറുകയും മുസ്‌ലിം യുവാക്കളുമായി സംഘം വാക് തര്‍ക്കത്തില്‍ ഏര്‍പ്പെടുകയുമായിരുന്നു. സഹോദരന്‍ ഹാസിബിന്റെ മടിയില്‍ കിടന്നാണ് ജുനൈദ് മരിച്ചത്. ഇതിനിടെ ജാര്‍ഖണ്ഡിലും ഗോ സംരക്ഷണത്തിന്റെ പേരില്‍ അക്രമമുണ്ടായി. വീടിനു മുന്നില്‍ പശുവിന്റെ ജഡം കണ്ടതിനെ തുടര്‍ന്ന് മുസ്‌ലിം മതത്തില്‍പ്പെട്ട കര്‍ഷകനെ ഒരുസംഘം ക്രൂരമായി മര്‍ദ്ദിക്കുകയും, ഇദ്ദേഹത്തിന്റെ വീട് അഗ്‌നിക്കിരയാക്കുകയും ചെയ്തു.