ആഡംബര ട്രെയിനായ തേജസ് കന്നിയാത്ര അവസാനിപ്പിച്ചത് ശോചനീയാവസ്ഥയില്‍

മുംബൈ : ആഡംബര ട്രെയിനായ തേജസ് എക്സ്പ്രസ് മുംബൈയില്‍ നിന്നും ഗോവയിലേക്കുള്ള കന്നിയാത്ര അവസാനിപ്പിച്ചത് ശോചനീയാവസ്ഥയില്‍ . ആദ്യ യാത്രയ്ക്കൊടുവില്‍ ജീവനക്കാര്‍ നടത്തിയ പരിശോധനയില്‍ ട്രെയിനിലെ എല്‍സിഡി സ്ക്രീനുകള്‍ തകര്‍ക്കപ്പെട്ടതായും ഹെഡ്‌ഫോണുകള്‍ മോഷ്ടിക്കപ്പെട്ടതായും കണ്ടെത്തി.
കന്നി യാത്രയുടെ അനുഭവത്തിന്റെ പശ്ചാത്തലത്തില്‍ യാത്രയ്ക്ക് നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചിരിക്കുകയാണ് റയില്‍വേ. ട്രെയിനില്‍ യാത്ര ചെയ്യുന്നവര്‍ സ്വന്തം ആസ്തിയായി ട്രെയനിനെ കാണണമെന്നും ഉദ്യോഗസ്ഥര്‍ അഭ്യര്‍ത്ഥിച്ചു.
മുംബൈയില്‍ നിന്നും പുറപ്പെട്ടപ്പോള്‍ തന്നെ യാത്രക്കാര്‍ ട്രെയിനിനെ ആക്രമിക്കാന്‍ തുടങ്ങിയെന്ന് പറയപ്പെടുന്നു.സീറ്റുകളില്‍ പിടിപ്പിച്ചിട്ടുള്ള എല്‍സിഡി സ്ക്രീനുകള്‍ ഈരിയെടുത്ത് വീട്ടില്‍ കൊണ്ട് പോകാന്‍ ചിലര്‍ ശ്രമിച്ചു. ശുചിമുറികളിലെ ഫ്ലഷ് ഉപയോഗിക്കാന്‍ പോലും യാത്രക്കാര്‍ തയ്യാറായില്ല. ബയോ-വാക്കം ശുചിമുറികളില്‍ നിന്നും യാത്ര തുടങ്ങി അരമണിക്കൂറിനുള്ളില്‍ തന്നെ ദുര്‍ഗന്ധം വമിച്ച് തുടങ്ങിഎന്ന യാത്രക്കാർ പറയുന്നു.
ട്രെയിനിന്റെ ഉള്ളിൽ മുഴുവന്‍ കപ്പുകളും പേപ്പറുകളും നിറഞ്ഞിരുന്നെന്ന് ട്രെയിനിലെ ജീവനക്കാരും അറിയിച്ചു. സാധാരണ ട്രെയിനുകളെ കൈക്കാര്യം ചെയ്യുന്നത് പോലെ തന്നെയാണ് തേജസിനെയും യാത്രക്കാര്‍ കൈക്കാര്യം ചെയ്യുന്നതെന്നാണ് ജീവനക്കാരുടെ സാക്ഷ്യം. ട്രെയിനില്‍ ചപ്പ്ചവറുകള്‍ നിക്ഷേപിക്കുന്നതോ വസ്തുക്കള്‍ക്ക് കേട് വരുത്തുന്നതോ ശ്രദ്ധയില്‍ പെടുകയാണെങ്കില്‍ ശക്തമായ നടപടിയെടുക്കണമെന്ന് റയില്‍വേ ഉപഭോക്താക്കളുടെ സമിതി അംഗവും സാമൂഹിക പ്രവര്‍ത്തകനുമായ നിര്‍മല്‍ തികംഗാര്‍ഹ് മാധ്യമങ്ങളോട് പറഞ്ഞു.