ക്രിക്കറ്റ് ടീം പരിശീലകനാകാനുള്ള അപേക്ഷ ക്ഷണിച്ച് ബിസിസിഐ

മുംബൈ : ഇന്ത്യന്‍ ക്രിക്കറ്റ് ടീം പരിശീലകനാകാനുള്ള അപേക്ഷ ക്ഷണിച്ച് ബിസിസിഐ. നിലവിലെ പരിശീലകന്‍ അനില്‍ കുംബ്ലെയുടെ കാലാവധി ജൂണ്‍ 18ന് അവസാനിക്കുന്ന സാഹചര്യത്തിലാണ് ബിസിസിഐ പുതിയ പരിശീലകനെ തേടുന്നത്.
ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കര്‍, മുന്‍ നായകന്‍ സൗരവ് ഗാംഗുലി, വിവിഎസ് ലക്ഷ്മണ്‍ എന്നിവടങ്ങുന്ന മൂന്നംഗ ക്രിക്കറ്റ് ഉപദേശക സമിതിയാണ് അപേക്ഷകരെ ഇന്റര്‍വ്യൂ നടത്തി, പുതിയ പരിശീലകനെ തെരഞ്ഞെടുക്കുന്നത്. സുതാര്യവും സംശുദ്ധവുമായ രീതിയില്‍ പുതിയ പരിശീലകനെ തെരഞ്ഞെടുക്കുന്ന നടപടി പൂര്‍ത്തിയാക്കുകയാണ് ലക്ഷ്യമിടുന്നതെന്ന് ബിസിസിഐ അറിയിച്ചു. നിലവിലെ കോച്ച് അനില്‍ കുംബ്ലെയ്ക്ക് പരിശീലക പദവിയിലേയ്ക്കുള്ള അഭിമുഖത്തില്‍ നേരിട്ട് പങ്കെടുക്കാനാകുമെന്നും ബിസിസിഐ അറിയിച്ചിട്ടുണ്ട്.
ഇംഗ്ലണ്ടില്‍ നടക്കുന്ന ചാമ്പ്യന്‍സ് ട്രോഫിയോടെയാണ് അനില്‍ കുംബ്ലെയുടെ പരിശീലക കാലാവധി അവസാനിക്കുന്നത്. ഇന്ത്യന്‍ ടീമിനെ ഒത്തിണക്കത്തോടെ മുന്നോട്ടു നയിക്കുന്ന കുംബ്ലെയ്ക്ക് വീണ്ടും അവസരം നല്‍കണമെന്ന വാദം ശക്തമാണ്. അതേസമയം ശമ്പളത്തില്‍ വന്‍ വര്‍ധന വേണമെന്ന ആവശ്യമുയര്‍ത്തിയ കുംബ്ലെയുടെ കാര്യത്തില്‍ ബിസിസിഐയുടെ നിലപാട് നിര്‍ണായകമാകും. ഇന്ത്യയുടെ വന്മതിലായ രാഹുല്‍ ദ്രാവിഡിനെ പരിശീലകനാക്കണമെന്നും ഒരു വിഭാഗം ആവശ്യമുന്നയിക്കുന്നുണ്ട്.