ദാവൂദ് ഇബ്രാഹിമിന്റെ ബന്ധുവിന്റെ വിവാഹത്തിൽ പ്രമുഖ ബിജെപി നേതാക്കൾ

നാഷിക് : ഇന്ത്യ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച അധോലോകനായകന്‍ ദാവൂദ് ഇബ്രാഹിമിന്റെ ബന്ധുവിന്റെ വിവാഹത്തിൽ മന്ത്രിമാരും എം.എൽ.എമാരും അടക്കമുള്ള പ്രമുഖരായ ബി.ജെപി നേതാക്കൾ പങ്കെടുത്തത് വിവാദമാകുന്നു. കഴിഞ്ഞ തിങ്കളാഴ്ച മഹാരാഷ്ട്രയിലെ നാഷിക്കില്‍വെച്ചു നടന്ന വിവാഹത്തിലാണ് ബിജെപി നേതാവും വിദ്യാഭ്യാസമന്ത്രിയുമായ ഗിരീഷ് മഹാജന്‍, ബിജെപി എംഎല്‍എമാരായ ദേവയാനി ഫരണ്ടെ, ബാലാസാഹേബ് സനപ്, സീമ ഹിരയ് എന്നിവര്‍ പങ്കെടുത്തത്. കൂടാതെ നാഷിക് മേയര്‍ രഞ്ജന ഭനസി, ഡെപ്യൂട്ടി മേയര്‍ പ്രതാപ് ഗിറ്റെ, മുനിസിപ്പല്‍ കൗണ്‍സിലർമാർ, പൊലീസ് ഉദ്യോഗസ്ഥരും വിവാഹത്തിന് പങ്കെടുത്തു. അസിസ്റ്റന്റ് കമ്മീഷണറും സര്‍ക്കിൾ ഇന്‍സ്‌പെക്ടറും ഉള്‍പ്പെടെ പത്തോളം പൊലീസുകാരും ചടങ്ങിൽ പങ്കെടുത്തിരുന്നു.
ദാവൂദ് ഇബ്രാഹിന്റെ സഹോദരന്റെ ഭാര്യാബന്ധുവാണ് വധു. സംഭവത്തിൽ റിപ്പോർട്ട് നല്കാൻ മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നവിനോട് നിർദ്ദേശിച്ചിട്ടുണ്ട്. വിവാഹത്തില്‍ പങ്കെടുത്ത പോലീസുകാരോട് നാഷിക് പൊലീസ് കമ്മീഷണര്‍ രവീന്ദ്ര സിംഗാള്‍ വിശദീകരണം തേടുകയും, അന്വേഷണം പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്.
ദാവൂദ് ഇബ്രാഹിമിന്റെ ബന്ധുവിന്റെ വിവാഹമാണെന്ന കാര്യം തനിക്ക് അറിയില്ലായിരുന്നുവെന്നാണ് ഗിരീഷ് മഹാജന്റെ വിശദീകരണം.