ഏഷ്യാ പസഫിക്കിലെ ഉയര്‍ന്ന കൈക്കൂലി നിരക്ക് ഇന്ത്യയില്‍

ഡൽഹി: ഏഷ്യാ പസഫിക്ക് മേഖലയില്‍ ഏറ്റവും കൂടുതല്‍ കൈക്കൂലി നിരക്കുള്ളത് ഇന്ത്യയിലെന്ന് രാജ്യാന്തര സര്‍വേ. പൊതുസേവനങ്ങള്‍ നടപ്പിലാക്കി കിട്ടാന്‍ മൂന്നില്‍ രണ്ട് ഇന്ത്യയ്ക്കാര്‍ക്കും കൈക്കൂലി നല്‍കേണ്ടി വരുന്നു. രാജ്യാന്തര ആന്റി ഗ്രാഫ്റ്റ് റൈറ്റ്‌സ് ഗ്രൂപ്പ് ട്രാന്‍സ്പറന്‍സി ഇന്റര്‍നാഷണലിന്റേതാണ് സര്‍വേഫലം.
സര്‍വേഫലം പ്രകാരം 69 ശതമാനം ഇന്ത്യയ്ക്കാര്‍ക്കും കൈക്കൂലി നല്‍കേണ്ടിവരുന്നു. 65 ശതമാനത്തോടെ വിയറ്റ്‌നാമാണ് തൊട്ടുപിന്നില്‍. ചൈനയില്‍ 26 ശതമാനം പേര്‍ക്കും പാകിസ്താനില്‍ 40 ശതമാനം പേര്‍ക്കുമാണ് കൈക്കൂലി നല്‍കേണ്ടി വരുന്നത്. ജപ്പാനിലാണ് ഏറ്റവും കുറഞ്ഞ കൈക്കൂലി നിരയ്ക്ക്. വെറും 0.2 ശതമാനം. മൂന്ന് ശതമാനത്തോട് അടുത്ത് ആളുകള്‍ക്ക് മാത്രമേ ദക്ഷിണ കൊറിയയില്‍ കൈക്കൂലി നല്‍കേണ്ടി വരുന്നുള്ളൂ.
സ്വന്തം രാജ്യത്ത് കൈക്കൂലി വര്‍ധിച്ചുവെന്ന് അഭിപ്രായപ്പെടുന്ന ആളുകള്‍(73 ശതമാനം) ഏറ്റവും കൂടുതലുള്ളത് ചൈനയില്‍. ഇക്കാര്യത്തില്‍ ഏഴാം സ്ഥാനത്താണ് ഇന്ത്യ(41 ശതമാനം). പാകിസ്താന്‍, ഓസ്‌ട്രേലിയ, ജപ്പാന്‍, മ്യാന്‍മാര്‍, ശ്രീലങ്ക, തായ്‌ലാന്‍ഡ് എന്നീ രാജ്യങ്ങള്‍ ഇന്ത്യയ്ക്ക് പിന്നിലേ വരൂ.
ഏഷ്യാ പസഫിക് മേഖലയിലെ പതിനാറ് രാജ്യങ്ങളില്‍ നിന്നുള്ള 20,000ത്തിലധികം പേരാണ് സര്‍വേയില്‍ പങ്കെടുത്തത്. കൈക്കൂലി ആവശ്യപ്പെടുന്നവരില്‍ മുന്‍നിര സ്ഥാനം പൊലീസിനാണ്. സര്‍വേയില്‍ പങ്കെടുത്തവരെ വരുമാനത്തിന്റെ അടിസ്ഥാനത്തില്‍ തരംതിരിച്ച് പരിശോധിച്ചപ്പോള്‍ ഏറ്റവും കൂടുതല്‍ കൈക്കൂലി നല്‍കേണ്ടി വന്നത് ദരിദ്രര്‍ക്കും. 38 ശതമാനം.
നിയമസംവിധാനത്തിലെ പഴുതുകളാണ് അഴിമതി വര്‍ധിക്കാന്‍ കാരണം. കൈക്കൂലി വാങ്ങുന്നത് ഒരു ചെറിയ കുറ്റകൃത്യമല്ല. ഇത് സര്‍വമേഖലകളേയും തകര്‍ക്കുമെന്നും ഉഗാസ് അഭിപ്രായപ്പെട്ടു.