വീടിന്റെ ടെറസിൽ നിന്ന് വീണ് പത്താം ക്ളാസ് വിദ്യാർത്ഥി മരിച്ചു

കൊടുമൺ: വീടിന്റെ ടെറസിൽ നിന്ന് മൊബൈൽ ഫോണിൽ സംസാരിക്കെ പാരപ്പറ്റ് ഇടിഞ്ഞുവീണ് പത്താം ക്ളാസ് വിദ്യാർത്ഥി മരിച്ചു . അങ്ങാടിക്കൽ തെക്ക് താഴേതിൽ ശ്രീജിത്ത് ഭവനിൽ ശശാങ്കൻ - ശ്രീകുമാരി ദമ്പതികളുടെ മകൻ അഭിജിത് (14) ആണ് മരിച്ചത്. ഇന്നലെ വൈകിട്ട് അഞ്ച് മണിയോടെയാണ് സംഭവം. അങ്ങാടിക്കൽ എസ്. എൻ. വി എച്ച്. എസ്. എസിലെ വിദ്യാർത്ഥിയാണ്. എസ്.എസ്.എൽ.സി.പരീക്ഷ നാളെ തുടങ്ങാനിരിക്കെയാണ് ദുരന്തം. സ്കൂളിലെ ഫെയർവെൽ പാർട്ടിയും ഫോട്ടോയെടുപ്പും കഴിഞ്ഞ് അഭിജിത് വീട്ടിൽ എത്തിയതേ ഉണ്ടായിരുന്നുള്ളൂ.
സിമന്റ് തേച്ച് ഉറപ്പിക്കാത്ത പാരപ്പറ്റിൽ ചാരി നിന്ന് ഫോണിൽ സംസാരിക്കെ ഇഷ്ടിക ഇളകി താഴെയ്ക്കു വീഴുകയായിരുന്നു. കിണറിന്റെ കൈവരിയിൽ തലയിടിച്ചു വീണ അഭിജിത്തിനു മേൽ പാരപ്പറ്റിലെ കട്ടകളും ഇളകി വീണു. ശബ്ദം കേട്ട് ഒാടിയെത്തിയ അമ്മ ശ്രീകുമാരി രക്തത്തിൽ കുളിച്ചുകിടക്കുന്ന മകനെ കണ്ട് ബോധമറ്റ് വീണു. സഹോദരൻ ശ്രീജിത്ത് നാട്ടുകാരെ വിളിച്ചു കൂട്ടി അടൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും അതിനകം അഭിജിത്ത് മരിച്ചു. സൈനികനായ പിതാവ് നാട്ടിലെത്തിയ ശേഷം സംസ്കാരം നടത്തും. സഹോദരൻ ശ്രീജിത്ത് അതേ സ്കൂളിൽ പ്ളസ് ടു വിദ്യാർത്ഥിയാണ്.