ബിഹാറില്‍ 'ചൈന'ക്ക് വിലക്ക്


പട്‌ന: ബിഹാറിലെ ഗ്രാമത്തില്‍ ചൈനീസ് ഉത്പന്നങ്ങള്‍ക്കു വിലക്ക്. ഔറംഗാബാദ് ജില്ലയിലുള്ള ഒബ്ര ഗ്രാമത്തിലാണ് ചൈനയില്‍ നിര്‍മിച്ച വസ്തുക്കളുടെ വില്‍പനയും ഉപയോഗവും നിരോധിച്ച് ഗ്രാമക്കോടതി ഉത്തരവിട്ടത്. നിയമം ലംഘിക്കുന്നവര്‍ക്കു പിഴശിക്ഷ ചുമത്തും. ഇന്ത്യയ്‌ക്കെതിരെ പാകിസ്താനെ സഹായിക്കുന്ന ചൈനയെ ശത്രുരാജ്യമായി പ്രഖ്യാപിച്ചാണ് ഗ്രാമക്കോടതിയുടെ നടപടി. രാജ്യത്ത് ആദ്യമായാണ് ഒരു ഗ്രാമക്കോടതി ചൈനീസ് സാധനങ്ങള്‍ക്കു വിലക്കേര്‍പ്പെടുത്തുന്നത്.

ഗ്രാമക്കോടതിയിലെ അംഗങ്ങളെയും ജനങ്ങളെയും വിളിച്ചുചേര്‍ത്താണ് ഈ തീരുമാനമെടുത്തതെന്നു ഗ്രാമത്തിലെ സര്‍പാഞ്ച് ഗുഡിയ ദേവി പറഞ്ഞു. പാകിസ്താനെ സഹായിക്കുന്ന ചൈനയും നമ്മുടെ ശത്രുവാണ്. തീരുമാനത്തിനു ഗ്രാമവാസികളുടെയെല്ലാം പിന്തുണയുണ്ട്. ഒബ്രയില്‍ ചൈനീസ് സാധനങ്ങള്‍ വില്‍ക്കുന്ന രണ്ടു ഡസനോളം കടകളുണ്ട്. ഉല്‍സവ സീസണുകളില്‍ അവിടെ ലക്ഷക്കണക്കിനു രൂപയുടെ ചൈനീസ് സാധനങ്ങളാണു വില്‍ക്കപ്പെടുന്നതെന്നും ഗുഡിയ ദേവി പറഞ്ഞു.

കളിപ്പാട്ടങ്ങളും കൗതുകവസ്തുക്കളും നിത്യോപയോഗ സാധനങ്ങളുമടക്കം വന്‍തോതിലാണ് ചൈനീസ് സാധനങ്ങള്‍ ഇന്ത്യയിലെത്തുന്നത്. വിലക്കുറവുള്ളതിനാല്‍ ഇവ വന്‍തോതില്‍ വിറ്റുപോകുന്നുമുണ്ട്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed