ആരാധനയുടെ മരണം: വിശദീകരണവുമായി പിതാവ്
ഹൈദരാബാദ്: ആരാധന സ്വന്തം തീരുമാനപ്രകാരമാണ് നിരാഹാരം കിടന്നത്. അവൾ ആദ്യമായിട്ടല്ല. നിരാഹാരം കിടക്കുന്നതും. ഏഴാമത്തെ വയസ്സിലാണ് തുടങ്ങിയത്. മതപുരോഹിതൻ പറഞ്ഞതു പ്രകാരം നിരാഹാരം കിടന്ന് മരിച്ച 13 വയസുകാരി ആരാധനയുടെ അച്ഛന്റെ വാക്കുകളാണിത്. ആരാധനയുടെ അച്ഛൻ ലക്ഷ്മിചന്ദ് സമദരിയ തന്റെ ജ്വല്ലറി ഷോപ്പിലിരുന്ന് കൊണ്ട് പറഞ്ഞു തുടങ്ങി.
ആരും അവളെ നിർബന്ധിച്ചിട്ടല്ല നിരാഹാരം കിടന്നത്. ഇതിനു മുമ്പും അവൾ ഇത്തരത്തിൽ നിരാഹാരം കിടന്നിട്ടുണ്ട്. 2014-ൽ ആരാധന എട്ടു ദിവസം നിരാഹാരം അനുഷ്ടിച്ചിരുന്നു. കഴിഞ്ഞ വർഷം 34 ദിവസവും നിരാഹാരം അനുഷ്ടിച്ചു. ഇത്തവണയാണ് അവൾ ഏറ്റവും കൂടുതൽ കാലം നിരാഹാരം കിടന്നത്. 68 ദിവസം. ഒക്ടോബർ 3ന് അവൾ നിരാഹാരം അവസാനിപ്പിച്ചു. അതിന്റെ തൊട്ടടുത്ത ദിവസമാണ് ആരാധന ബോധം കെട്ട് വീണതും. ഉടൻ തന്നെ അവളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. പക്ഷേ, ജീവൻ രക്ഷിക്കാനായില്ല. ഈ രണ്ടുമാസക്കാലം അവൾ യാതൊരു ഭക്ഷണവും കഴിച്ചിരുന്നില്ലെന്നും പിതാവ് പറയുന്നു.ഒരു സന്യാസിനിയാകണമെന്നായിരുന്നു അവളുടെ ആഗ്രഹം. ജൈന മതത്തിലായിരുന്നു അവൾക്ക് വിശ്വാസം. മതത്തിന്റെ ഭാഗമായുള്ള സാംസ്‌കാരിക പരിപാടികളിൽ സ്ഥിരമായി പങ്കെടുക്കുന്ന കുട്ടിയായിരുന്നു. ഒക്ടോബർ രണ്ടിനു നിരാഹാരം അവസാനിപ്പിക്കുമ്പോഴും അതിനു തൊട്ടടുത്ത ദിവസം മരിക്കുന്നതിനു തൊട്ടുമുമ്പു വരെയും അവൾ പൂർണ ആരോഗ്യവതിയായിരുന്നെന്നാണ് അച്ഛൻ പറയുന്നത്. മതപുരോഹിതൻ പറഞ്ഞതു പ്രകാരം 68 ദിവസം നിർബന്ധിത നിരാഹാരം കിടന്ന് 13 വയസുകാരിയായ ആരാധന മരിച്ച വിവരം കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്.

