കാണാതായ വിമാനത്തിലുണ്ടായിരുന്നവരുടെ മൊബൈൽ ഇപ്പോഴും പ്രവര്‍ത്തിക്കുന്നു



ചെന്നൈ: കാണാതായ വ്യോമസേന വിമാനത്തിനായുള്ള തെരച്ചില്‍ പുരോഗമിക്കെ വിമാനത്തിലുണ്ടായിരുന്നവരുടെ മൊബൈല്‍ ഫോണ്‍ ഇപ്പോഴും പ്രവര്‍ത്തിക്കുന്നതായി റിപ്പോര്‍ട്ട്. സാങ്കേതിക സംവിധാനങ്ങളുടെ സഹായത്തോടെ തിരച്ചില്‍ നടത്തിട്ടും വിമാനത്തിന് എന്തു സംഭവിച്ചുവെന്നത് നിഗൂഢതയായി തുടരുന്ന സാഹചര്യത്തിലാണ് വിമാനത്തിലുണ്ടായിരുന്നവരുടെ ഫോണ്‍ റിങ് ചെയ്യുന്നതായുള്ള റിപ്പോര്‍ട്ടുകള്‍ വരുന്നത്. വിമാനത്തിലുണ്ടായിരുന്നവരുടെ ബന്ധുക്കളെ ഉദ്ധരിച്ച് ദേശീയമാധ്യമങ്ങളാണ് ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് പുറത്തു വിട്ടത്.

എന്റെ മകന്‍ തിരിച്ചുവരുമെന്നാണ് ഇപ്പോഴും കരുതുന്നതെന്ന് കാണാതായ രഘുവീര്‍ വര്‍മ്മയുടെ അമ്മ സുനിത വര്‍മ പറഞ്ഞു. മകന്റെ ഫോണ്‍ റിങ് ചെയ്യുന്നുണ്ട്. ഇത് പ്രതീക്ഷകള്‍ നല്‍കുന്നുണ്ടെന്നും അവര്‍ പറഞ്ഞു.

എയര്‍ടെല്‍ കണക്ഷനാണ് രഘുവീര്‍ ഉപയോഗിക്കുന്നത്. ഈ സെല്‍ഫോണ്‍ ഇപ്പോഴും ആക്ടീവ് ആണെന്നാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ ദിവസങ്ങളിലാണ് രഘ്‌വീറിന്റെ മൊബൈല്‍ ആക്ടീവ് ആണെന്ന് മനസ്സിലാക്കിയത്. മൊബൈലിലെ വാട്‌സാപ്പും ആക്ടീവ് ആണ്. വാട്‌സാപ്പ് അവസാനം സന്ദര്‍ശിച്ച ജൂലൈ 26 ആണെന്ന് കാണിക്കുന്നുണ്ട്. ജൂലൈ 22 നാണ് വിമാനം കാണാതായത്. വിമാനം കാണാതായതിന് ശേഷം നാല് ദിവസത്തോളം വാട്‌സാപ്പ് ഉപയോഗിച്ചതായി കാണാം.

എന്നാല്‍ റിങ് ചെയ്യുന്ന മൊബൈല്‍ എവിടെയാണെന്ന് കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. തുടര്‍ന്നുള്ള ദിവസങ്ങളില്‍ ഈ മൊബൈല്‍ പിന്തുടര്‍ന്ന് വിമാനം കണ്ടെത്താനാകുമെന്ന പ്രതീക്ഷയിലാണ് ബന്ധുക്കള്‍. വാട്‌സാപ്പ്, മൊബൈല്‍ ആക്ടീവ് ആണെന്നത് സംബന്ധിച്ച് ബന്ധുക്കള്‍ അധികൃതരെ അറിയിച്ചിട്ടുണ്ട്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed