പ്രാചരണത്തിന് വി.എസ് വേണം ! സീറ്റ് നല്കുന്ന കാര്യത്തിൽ തീരുമാനമായില്ല

ന്യൂഡല്‍ഹി: വി.എസ് അച്യുതാനന്ദനെ മുന്‍നിര്‍ത്തിയല്ലാതെ തെരഞ്ഞെടുപ്പിനെ നേരിടാന്‍ കഴിയില്ലെങ്കിലും അദ്ദേഹത്തെ മത്സര രംഗത്തു നിന്നും മാറ്റി നിര്‍ത്തിയുള്ള ഒരു തെരഞ്ഞെടുപ്പുതന്നെയാണ് സംസ്ഥാന നേതൃത്വത്തിന് താല്‍പര്യം. എന്നാല്‍ മുന്‍കാലത്തെ തെരഞ്ഞെടുപ്പുകളില്‍ വി.എസിന് സീറ്റ് നിഷേധിച്ചുകൊണ്ട് വിവാദം സൃഷ്ടിച്ചത് സി.പി.എമ്മില്‍ തന്നെ വലിയതോതിലുള്ള അഭിപ്രായ വ്യത്യാസങ്ങള്‍ക്കിടയാക്കിയിരുന്നു. ഇത്തവണ അത്തരത്തിലുള്ളൊരു വിവാദം സൃഷ്ടിക്കരുതെന്ന് കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെങ്കിലും സി.പി.എം സംസ്ഥാന ഘടകത്തില്‍ ഇരുണ്ടുകൂടിയ വി.എസ് വിരുദ്ധ കാര്‍മേഘം ഇതുവരെ മാറിയിട്ടില്ല.
തെരഞ്ഞെടുപ്പിന്റെ പ്രാചരണത്തിന് വി.എസ് മുന്നില്‍ നില്‍ക്കണമെന്നാണ് എല്ലാവരും പറയുന്നതെങ്കിലും മത്സരത്തിന് സീറ്റ് നല്‍കേണ്ടതില്ലെന്ന വാദമാണ് കേരള ഘടകത്തിലെ വടക്കന്‍ ലോബിയുടെ ഉറച്ച തീരുമാനം. വി.എസ് മത്സര രംഗത്തുതന്നെയുണ്ടാകണമെന്നതാണ് പോളിറ്റ് ബ്യൂറോയില്‍ ഭൂരിപക്ഷാഭിപ്രായം. തെരഞ്ഞെടുപ്പ് ദിനം അടുത്തുകൊണ്ടിരിക്കെ ഡല്‍ഹിയില്‍ ഇന്ന് അവയിലബിള്‍ പോളിറ്റ് ബ്യൂറോ യോഗം ചേരുന്നുണ്ട്. എല്ലാ അംഗങ്ങളേയും അടിയന്തരമായി വിളിച്ച് വിപുലമായ യോഗം വിളിക്കാന്‍ കഴിയാത്തതുകൊണ്ട് ഡല്‍ഹിക്ക് പുറത്തുള്ള പി.ബി അംഗങ്ങളെ ഫോണില്‍ വിളിച്ചാണ് അഭിപ്രായം തേടുന്നത്.
അതിനിടയില്‍ വ്യക്തികളല്ല കൂട്ടായ നേതൃത്വമാണ് സി.പി.എമ്മിന്റേതെന്നാണ് കേന്ദ്ര കമ്മിറ്റി അംഗം ഇ.പി ജയരാജന്‍ പറയുന്നത്. കൂട്ടായ നേതൃത്വം എന്നുപറയുമ്പോള്‍ ഇതില്‍ വി.എസു പിണറായിയുമെല്ലാം ഉള്‍പ്പെടുമെന്നും അദ്ദേഹം പറഞ്ഞു. 11,12 തീയതികളില്‍ സംസ്ഥാന കമ്മറ്റി തിരുവനന്തപുരത്ത് യോഗം ചേര്‍ന്ന് സ്ഥാനാര്‍ഥികളെ സംബന്ധിച്ച് ഏകദേശ ധാരണയുണ്ടാക്കാനിരിക്കെ വി.എസിന്റെ കാര്യത്തില്‍ എന്ത് നിലപാട് എന്നതുസംബന്ധിച്ച് ഇപ്പോഴും അനിശ്ചിതത്വമാണ്.