കൊച്ചിന്‍ പോര്‍ട്ടിലെ തൊഴിലാളികള്‍ അനിശ്ചിതകാല പണിമുടക്കിൽ

കൊച്ചി: പോര്‍ട്ടിലെ കണ്െടയ്നര്‍ ലോറിത്തൊഴിലാളികള്‍ അനിശ്ചിതകാല പണിമുടക്ക് ആരംഭിച്ചു. പണിമുടക്കിനെത്തുടര്‍ന്ന് വല്ലാര്‍പാടം വഴിയുള്ള ചരക്ക് നീക്കം നിലച്ചു. ആയിരത്തിലധികം ലോറികളിലെ തൊഴിലാളികള്‍ പണിമുടക്കില്‍ പങ്കെടുക്കുന്നുണ്ട്. സേവന വേതന വ്യവസ്ഥകള്‍ പരിഷ്കരിക്കണം, ഫെയര്‍ വേജസ് നടപ്പാക്കണം, ലോറി പാര്‍ക്ക് ചെയ്യുന്നതിനുള്ള സൌകര്യങ്ങള്‍ ഒരുക്കണം എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം. ട്രേഡ് യൂണിയന്‍ കോ ഓര്‍ഡിനേഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് തൊഴിലാളികള്‍ പണിമുടക്കുന്നത്. ബുധനാഴ്ച തിരുവന്തപുരത്ത് ലേബര്‍ കമ്മീഷണറുമായി തൊഴിലാളികള്‍ ചര്‍ച്ച നടത്തിയെങ്കിലും പരാജയപ്പെട്ടിരുന്നു. ഇതേത്തുടര്‍ന്നാണ് ഇന്ന് പണിമുടക്കാന്‍ തൊഴിലാളികള്‍ തീരുമാനിച്ചത്. അതേസമയം സമരത്തില്‍ നിന്ന് സിഐടിയു വിട്ടുനില്‍ക്കുകയാണ്. 14ന് തൊഴിലാളികളുടെ പ്രശ്നങ്ങള്‍ വീണ്ടും ചര്‍ച്ച ചെയ്യാമെന്ന് കമ്മീഷണര്‍ ഉറപ്പ് നല്‍കിയതിനെ തുടര്‍ന്നാണ് സിഐടിയു വിട്ടു നില്‍ക്കുന്നത്.