യൂട്യൂബർ ധ്രുവ് റാഠി ഡൽഹി പോലീസിന്റെ കസ്റ്റഡിയിൽ; തിരംഗ മാർച്ചിന് മുന്നോടിയായി നടപടി


ശാരിക

ന്യൂഡൽഹി: കേന്ദ്രസർക്കാരിന്റെ നയങ്ങളെ വിമർശിക്കുന്ന പ്രമുഖ യൂട്യൂബർ ധ്രുവ് റാഠിയെ ഡൽഹി പൊലീസ് വീണ്ടും കസ്റ്റഡിയിലെടുത്തു. നോയിഡയിൽ നിന്നാണ് അദ്ദേഹത്തെ പൊലീസ് കസ്റ്റഡിയിലെടുത്തത്. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറുടെ നടപടികൾക്കെതിരെയും കമ്മീഷണർ ഗ്യാനേഷ് കുമാർ രാജി വെക്കണമെന്നും ആവശ്യപ്പെട്ട് സി.ജെ.പി (കോക്രോച്ച് ജനതാ പാർട്ടി) പ്രഖ്യാപിച്ച തിരംഗ മാർച്ചിന് തൊട്ടുമുമ്പാണ് ഈ പൊലീസ് നടപടി ഉണ്ടായിരിക്കുന്നത്.

നേരത്തെ ജന്തർ മന്തറിലെ പ്രതിഷേധത്തിന് തൊട്ടുമുമ്പും ധ്രുവ് റാഠിയെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. എന്നാൽ തന്നെ കസ്റ്റഡിയിലെടുത്തതല്ല, മറിച്ച് തട്ടിക്കൊണ്ടുപോവുകയായിരുന്നുവെന്ന് പിന്നീട് റാഠി വ്യക്തമാക്കിയിരുന്നു. ഡൽഹി പൊലീസ് തന്നെ നിരന്തരം പിന്തുടരുന്നതായും റാഠി കഴിഞ്ഞ ദിവസം സാമൂഹിക മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തിരുന്നു.

ഇന്ന് വൈകീട്ട് 5 മണിക്ക് സി.ജെ.പി തിരംഗ മാർച്ച് പ്രഖ്യാപിച്ചിരുന്നു. ഈ മാർച്ചിനെ ഭയന്നാണ് കേന്ദ്രസർക്കാർ അത് തടയാനായി ഡൽഹിയിൽ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നത്. അതിന്റെ ഭാഗമായാണ് ധ്രുവ് റാഠിയെയും കസ്റ്റഡിയിലെടുത്തത്. പ്രതിഷേധ റാലി നടക്കുന്ന കൊണാട്ട് പ്ലേസിലെ സെൻട്രൽ പാർക്ക് അധികൃതർ അടച്ചുപൂട്ടി. ഈ മാർച്ചിൽ 11 പേർ മാത്രമേ പങ്കെടുക്കാവൂ എന്നും ഡൽഹി പൊലീസ് സംഘാടകരെ അറിയിച്ചിട്ടുണ്ട്.

കൊണാട്ട് പ്ലേസിലും സമീപ പ്രദേശങ്ങളിലും ബി.എൻ.എസിന്റെ (BNS) 163-ാം വകുപ്പ് പ്രകാരം നിരോധനാജ്ഞ നിലവിലുണ്ടെന്ന് വ്യക്തമാക്കിയ പൊലീസ്, പൊതുജനങ്ങളോട് ഇവിടെ ഒത്തുചേരരുതെന്ന് കർശനമായി ആവശ്യപ്പെട്ടു. വ്യവസ്ഥകൾ ലംഘിക്കുന്നവർക്കെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കുമെന്നും പൊലീസ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. എന്നാൽ, ഒരു ഭീഷണിക്കും വഴങ്ങില്ലെന്നും പരിപാടി നിശ്ചയിച്ചതുപോലെ കൃത്യമായി നടക്കുമെന്നും സി.ജെ.പി നേതാവ് രത്നസിങ് അറിയിച്ചു. ഇന്ന് വൈകീട്ട് അഞ്ചുമണിക്ക് ത്രിവർണ്ണ പതാകയുമായി സെൻട്രൽ പാർക്കിൽ ഒത്തുചേരാനാണ് അഭിജീത് ദിപ്കെ ആഹ്വാനം ചെയ്തത്.

ത്രിവർണ പതാകയെ എന്തിനാണ് സർക്കാർ തടയുന്നതെന്ന് സി.ജെ.പി സ്ഥാപകൻ അഭിജീത് ദിപ്കെ ചോദിച്ചു. ‘ഞങ്ങൾ 100 സ്ഥലങ്ങളിൽ തിരംഗ യാത്ര നടത്തുമെന്ന് പ്രഖ്യാപിച്ചാൽ, നരേന്ദ്ര മോദി ഈ 100 സ്ഥലങ്ങളും അടച്ചിടുമോ? പതാകയെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വലിയ ഭയമാണോ? സ്വന്തം രാജ്യത്തെ റാലിയിലെ ത്രിവർണ പതാകയെ മോദി തടയുമോ? തിരംഗ മാർച്ച് എന്തായാലും നടക്കും’ -ദിപ്കെ വ്യക്തമാക്കി.

article-image

ugku

You might also like

  • Lulu Exchange
  • Straight Forward

Most Viewed