വാൽപ്പാറ അപകടം: മരണം പത്തായി; ചികിത്സയിലായിരുന്ന നൗഷാദ് അലി അന്തരിച്ചു
ഷീബ വിജയൻ I കേരളം
കോയമ്പത്തൂർ: തമിഴ്‌നാട് വാൽപ്പാറയിലുണ്ടായ വാൻ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന നൗഷാദ് അലി (43) അന്തരിച്ചു. കോയമ്പത്തൂർ സർക്കാർ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെ ഇന്ന് പുലർച്ചെയായിരുന്നു മരണം. നൗഷാദ് അലിയുടെ നില വഷളായിട്ടും ഡോക്ടർമാർ എത്താൻ വൈകിയതാണ് മരണം സംഭവിക്കാൻ കാരണമെന്ന് കുടുംബം ആരോപിച്ചു.
മലപ്പുറം പാങ്ങ് പള്ളിപ്പറമ്പ് ജി.എൽ.പി സ്‌കൂളിലെ അധ്യാപകരും ജീവനക്കാരും സഞ്ചരിച്ച വാൻ കഴിഞ്ഞ വെള്ളിയാഴ്ചയാണ് അപകടത്തിൽപ്പെട്ടത്. സംഭവദിവസം ഒൻപത് പേർ മരിച്ചിരുന്നു. 13 പേരായിരുന്നു വാഹനത്തിലുണ്ടായിരുന്നത്.
അപകടത്തിൽ പരിക്കേറ്റ മുഹമ്മദ് ഫായിസ് ഇപ്പോഴും കോയമ്പത്തൂർ മെഡിക്കൽ കോളേജിലെ തീവ്രപരിചരണ വിഭാഗത്തിൽ അതീവ ഗുരുതരാവസ്ഥയിൽ തുടരുകയാണ്. അതേസമയം, പരിക്കേറ്റ സഹദിൻ മുഹമ്മദ്, മസ്നിൻ എന്നിവരുടെ ആരോഗ്യനിലയിൽ പുരോഗതിയുള്ളതിനാൽ ഇവരെ വാർഡിലേക്ക് മാറ്റി.
പാങ്ങ് ജി.എൽ.പി സ്കൂളിലെ പ്രധാനാധ്യാപിക അജിത, അധ്യാപകരായ റംല, സുഹറ, ആശ, മജീദ്, മജീദിന്റെ ഭാര്യ റുഖിയ, പാചകത്തൊഴിലാളി സാജിത, അധ്യാപിക ഷക്കീന, സുഹറയുടെ മകൻ ഹിഷാം എന്നിവരാണ് നേരത്തെ മരിച്ചത്.
sddsf



