കഫ് സിറപ്പ് കഴിച്ച് 14 കുട്ടികൾ മരിച്ച സംഭവം: സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് സുപ്രീംകോടതിയിൽ ഹരജി

ഷീബ വിജയൻ
ന്യൂഡൽഹി I മധ്യപ്രദേശിലും രാജസ്ഥാനിലും വിഷാംശമുള്ള കഫ് സിറപ്പ് കുടിച്ച് പതിനാല് കുട്ടികൾ മരിച്ച സംഭവത്തിൽ സി.ബി.ഐ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയിൽ പൊതുതാൽപ്പര്യ ഹരജി. വിഷാംശമുള്ള കഫ് സിറപ്പിന്‍റെ ഉൽപ്പാദനം, വിതരണം, ടെസ്റ്റിങ് എന്നിവ സംബന്ധിച്ച് അന്വേഷണം വേണമെന്നാണ് ആവശ്യം. ചൊവ്വാഴ്ച അഡ്വക്കേറ്റ് വിശാൽ തിവാരി വിഷാംശമുള്ള കഫ് സിറപ്പുകൾ മാർക്കറ്റിൽ നിന്ന് നിരോധിക്കണെമെന്നും സിറപ്പ് ബേസ് ഫോർമുലേഷനുകൾ നിർബന്ധിത പരിശോധനക്ക് വിധേയമാക്കണമെന്നും ആവശ്യപ്പെട്ട് സുപ്രീംകോടതിയിൽ ഹരജി നൽകിയിരുന്നു. സുപ്രീംകോടതി ജഡ്ജിന്‍റെ മേൽനോട്ടത്തിലാവണം അന്വേഷണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സംഭവത്തിൽ തമിഴ്നാട് കേന്ദ്രമായി പ്രവർത്തിക്കുന്ന സ്രെസാൻ ഫാർമ പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയിൽ നടത്തിയ പരിശോധനയിൽ നിരോധിത ഘടകമായ ഡൈതലീൻ ഗ്ലൈക്കോളിന്‍റെ അംശം കണ്ടെത്തിയിരുന്നു. കഫ് സിറപ്പ് കഴിച്ച കുട്ടികളിൽ വൃക്ക തകരാർ റിപ്പോർട്ട് ചെയ്യുകയും ദിവസങ്ങൾക്കുള്ളിൽ 14 മരണങ്ങൾ റിപ്പോർട്ട് ചെയ്യുകയും ചെയ്തു. മരുന്നിൽ വിഷാംശം സ്ഥിരീകരിച്ചിട്ടും കേന്ദ്രവും സി.ഡി.എസ്.ഒയും നടപടി എടുക്കാത്തതിനെ ഹരജി ചോദ്യം ചെയ്തു.
assas