ഒറ്റ-ഇരട്ട അക്ക നമ്പര്‍ വാഹന നിയന്ത്രണ പദ്ധതി: വിജയം ആഘോഷിക്കാനെത്തിയ കെജ്രിവാളിന് നേരെ യുവതി മഷിയെറിഞ്ഞു

ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ് രിവാളിന് നേരെ കരിമഷി പ്രയോഗം.ഒറ്റ-ഇരട്ട അക്ക വാഹനനിയന്ത്രണ പദ്ധതി വിജയകരമാക്കിയതിന് നന്ദിപ്രകാശിപ്പിച്ച് ഡല്‍ഹി സര്‍ക്കാര്‍ സംഘടിപ്പിച്ച പരിപാടിക്കിടെയാണ് സംഭവം. മഷി എറിഞ്ഞ ഭാവന അരോര എന്ന യുവതിയെ സുരക്ഷാ ഉദ്യോഗസ്ഥര്‍ പിടികൂടി. പഞ്ചാബിലെ ആം ആദ്മി സേന പ്രവര്‍ത്തക എന്നവകാശപ്പെട്ട യുവതി കുറച്ച് കടലാസുകളും സീഡിയുമായി പ്രസംഗപീഠത്തിനു മുന്നില്‍നിന്ന് അഴിമതി ആരോപണം ഉന്നയിച്ചശേഷം മഷി എറിയുകയായിരുന്നു. ഉടനെ പൊലീസുകാര്‍ ഓടിയെത്തി പിടിച്ചുമാറ്റി. വമ്പന്‍ സി.എന്‍.ജി കുംഭകോണം നടന്നിട്ടുണ്ടെന്നും ഇവരാണ് ഉത്തരവാദികളെന്നും കെജ് രിവാളിന്‍െറ പങ്കിനെക്കുറിച്ച് തന്‍െറ കൈയില്‍ തെളിവുണ്ടെന്നും വിളിച്ചുപറഞ്ഞ അവരെ വിട്ടയക്കാന്‍ മൈക്കിലൂടെ ആവശ്യപ്പെട്ട കെജ് രിവാള്‍ അവരുടെ പരാതി കേള്‍ക്കാനും നിര്‍ദേശിച്ചു. എന്നാല്‍, സുരക്ഷാകാരണങ്ങളാല്‍ വിട്ടയക്കാനാവില്ലെന്നും ചോദ്യംചെയ്യേണ്ടതുണ്ടെന്നും ചൂണ്ടിക്കാട്ടി യുവതിയെ മോഡേണ്‍ ടൗണ്‍ പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. ഛത്രസാല്‍ സ്റ്റേഡിയത്തില്‍ സംഘടിപ്പിച്ച ചടങ്ങില്‍ നൂറുകണക്കിനാളുകള്‍ പങ്കെടുത്തിരുന്നു. വാഹനനിയന്ത്രണം വിജയകരമാക്കിയതിന് ജനങ്ങളോടും ഉദ്യോഗസ്ഥരോടും മെട്രോ-ഡി.ടി.സി അധികൃതരോടും മുഖ്യമന്ത്രി നന്ദി പറഞ്ഞു.
മഷിയേറിനു പിന്നിൽ ബി.ജെ.പിയെന്ന് ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ ആരോപിച്ചു. ബി.ജെ.പിയും ഡൽഹി പൊലീസും തമ്മിലുള്ള ഒത്തുകളിയുടെ ഭാഗമാണ് മഷിയേറ്. മഷിയെറിഞ്ഞ യുവതിയെ തടയാൻ ഒരു പൊലീസുകാരൻപോലും സ്ഥലത്തുണ്ടായിരുന്നില്ലെന്ന് സിസോദിയ ആരോപിച്ചു. ഇതിനുമുമ്പും കെജ്രിവാളിന് നേരെ കരിമഷി പ്രയോഗമുണ്ടായിരുന്നു. 2014ല്‍ ലോക്സഭ തിരഞ്ഞെടുപ്പ് റാലിക്കിടെയും കേജ്‍രിവാളിനു നേരെ മഷിയെറിഞ്ഞിരുന്നു.