എന്തുകൊണ്ടാണ് ക്യാമറകള്‍ക്ക് മുന്നില്‍ മാത്രം നിങ്ങളുടെ രക്തം തിളയ്ക്കുന്നത്? പ്രധാനമന്ത്രിക്കെതിരെ രാഹുല്‍ ഗാന്ധി


പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ രാജസ്ഥാനിലെ വൈകാരിക പ്രസംഗത്തിന് മറുപടിയുമായി ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. എന്തുകൊണ്ടാണ് ക്യാമറകള്‍ ഓണായിരിക്കുമ്പോള്‍ മാത്രം നരേന്ദ്രമോദിക്ക് രക്തം തിളയ്ക്കുന്നതെന്ന് രാഹുല്‍ ഗാന്ധി ചോദിച്ചു. പ്രധാനമന്ത്രി രാജ്യത്തിന്റെ അഭിമാനത്തിന് കോട്ടംവരുത്തിയെന്നും അദ്ദേഹം പൊളളയായ പ്രസംഗങ്ങള്‍ അവസാനിപ്പിക്കണമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. എക്‌സിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

'മോദിജീ, പൊളളയായ പ്രസംഗങ്ങള്‍ അവസാനിപ്പിക്കൂ, തീവ്രവാദത്തെക്കുറിച്ചുളള പാകിസ്താന്റെ പ്രസ്താവന എന്തിനാണ് വിശ്വസിച്ചതെന്ന് ഞങ്ങളോട് പറയൂ. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനു മുന്നില്‍ തലകുനിച്ചുകൊണ്ട് നിങ്ങള്‍ രാജ്യതാല്‍പ്പര്യം ബലികഴിച്ചത് എന്തിനാണ്? ക്യാമറകള്‍ക്കു മുന്നില്‍ മാത്രം നിങ്ങളുടെ രക്തം തിളയ്ക്കുന്നത് എന്തുകൊണ്ടാണ്? താങ്കള്‍ രാജ്യത്തിന്റെ അഭിമാനത്തിന് കോട്ടംവരുത്തി'- രാഹുല്‍ എക്‌സില്‍ കുറിച്ചു.

നരേന്ദ്രമോദിയുടെ പ്രസംഗത്തിനെതിരെ നേരത്തെ എഐസിസി ജനറല്‍ സെക്രട്ടറി ജയ്‌റാം രമേശും രംഗത്തെത്തിയിരുന്നു. പൊതുറാലികളില്‍ സിനിമാ ഡയലോഗുകള്‍ പറയുന്നതിനു പകരം പ്രധാനമന്ത്രി അദ്ദേഹത്തോട് ചോദിക്കുന്ന ഗൗരവമേറിയ ചോദ്യങ്ങള്‍ക്കുളള ഉത്തരം നല്‍കുകയാണ് ചെയ്യേണ്ടതെന്ന് ജയ്‌റാം രമേശ് പറഞ്ഞു. 'പഹല്‍ഗാമില്‍ ആക്രമണം നടത്തിയ ഭീകരര്‍ ഇപ്പോഴും സ്വതന്ത്രരായി തുടരുന്നത് എന്തുകൊണ്ടാണ്? കഴിഞ്ഞ 18 മാസത്തിനിടെ പൂഞ്ച്, ഗഗാംഗീര്‍, ഗുല്‍മാര്‍ഗ് എന്നിവിടങ്ങളില്‍ നടന്ന മൂന്ന് ഭീകരാക്രമണങ്ങള്‍ക്ക് അവര്‍ ഉത്തരവാദികളായിരുന്നുവെന്നാണ് പുറത്തുവരുന്ന ചില റിപ്പോര്‍ട്ടുകള്‍. എന്തുകൊണ്ടാണ് താങ്കള്‍ ഒരു സര്‍വ്വകക്ഷിയോഗത്തിലും പങ്കെടുക്കാത്തതും പ്രതിപക്ഷ പാര്‍ട്ടികളെ വിശ്വാസത്തിലെടുക്കാത്തതും. ഉത്തരം നല്‍കൂ'-എന്നാണ് ജയ്‌റാം രമേശ് പറഞ്ഞത്.

article-image

desaassSW

You might also like

Most Viewed