25 മിനിറ്റ് നീണ്ട ദൗത്യത്തിൽ പ്രയോഗിച്ചത് 24 മിസൈലുകൾ; കൊല്ലപ്പെട്ടത് 70 ഭീകരർ

പഹൽഗാം ഭീകരാക്രമണത്തിന് മറുപടിയായി ഇന്ത്യ നടത്തിയ പ്രത്യാക്രമണത്തിൽ പാകിസ്താനിലും പാക് അധിനിവേശ കശ്മീരിലുമായി ഒമ്പത് ഭീകര കേന്ദ്രങ്ങൾ ചാരമാക്കാൻ സേനക്ക് ആകെ വേണ്ടിവന്നത് 25 മിനിറ്റുകൾ മാത്രമെന്ന് റിപ്പോർട്ട്. ഓപറേഷൻ സിന്ദൂരിൽ 24 മിസൈലുകളാണ് ഇന്ത്യ പ്രയോഗിച്ചത്. പുലർച്ചെ 1:05 മുതൽ 1:30 വരെ കര, നാവിക, വ്യോമ സേനകൾ സംയുക്തമായി നടത്തിയ ദൗത്യത്തിൽ ലശ്കർ കമാൻഡർമാർ ഉൾപ്പെടെ 70ലേറെ ഭീകരർ കൊല്ലപ്പെട്ടെന്നും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഡൽഹിയിൽ നടന്ന വാർത്ത സമ്മേളനത്തിൽ, കേണൽ സോഫിയ ഖുറേഷി, വ്യോമസേന വിങ് കമാൻഡർ വ്യോമിക സിങ് എന്നിവർ ചേർന്ന് സൈനിക നടപടികൾ വിശദീകരിച്ചു. വൻതോതിലുള്ള നാശം ഒഴിവാക്കുക എന്ന ലക്ഷ്യത്തോടെയാണ് ആക്രമണത്തിനു വേണ്ട ആയുധങ്ങൾ വരെ തെരഞ്ഞെടുത്തത്. ഏതെങ്കിലും ഒരു കെട്ടിടം അല്ലെങ്കിൽ ഒരു കൂട്ടം കെട്ടിടമാണ് ലക്ഷ്യമിട്ടത്. പൊതുജനത്തിന് പ്രശ്നമുണ്ടാകാതിരിക്കാൻ വേണ്ടിയാണത്. സൈനിക കേന്ദ്രങ്ങൾ ലക്ഷ്യമിട്ടില്ല. ഒരു സർജറി നടത്തുന്നത്ര ‘ക്ലിനിക്കൽ പ്രിസിഷനോടെ’യാണ് അത് പൂർത്തിയാക്കിയത്.
സ്കാൽപ് മിസൈലുകളും ഹാമ്മർ ബോംബുകളുമാണ് ഭീകരതാവളങ്ങൾ തകർക്കാൻ ഇന്ത്യൻ സേന ഉപയോഗിച്ചത്. 450 കിലോ പോര്‍മുന വഹിച്ച് 300 കിലോമീറ്റര്‍ ദൂരത്തില്‍ പ്രഹരിക്കാന്‍ ശേഷിയുള്ളതാണ് റഫാലില്‍നിന്നു തൊടുക്കുന്ന സബ്‌സോണിക്ക് സ്‌കാല്‍പ് മിസൈലുകള്‍. സമുദ്രനിരപ്പിൽനിന്ന് 4,000 മീറ്റര്‍ ഉയരത്തിലുള്ള ലക്ഷ്യങ്ങള്‍ വരെ തകര്‍ക്കാന്‍ സ്കാൽപ് മിസൈലുകൾക്കു ശേഷിയുണ്ട്. ഇന്ത്യൻ വ്യോമമേഖലയിൽനിന്നാണ് പാക് മണ്ണിലേക്ക് സേന മിസൈലുകൾ പ്രയോഗിച്ചത്. നാശത്തിന്റെ യഥാർഥ കണക്കുകൾ ഇതുവരെ പുറത്തുവന്നിട്ടില്ല. 70 കിലോമീറ്റർ വരെ പ്രഹരശേഷിയുള്ളവയാണ് ഹാമ്മറുകൾ അഥവാ ഹൈലി എജൈല്‍ മോഡുലാര്‍ അമ്യുണിഷന്‍ എക്‌സറ്റന്‍ഡഡ് റേഞ്ച്. എയർ-ടു-ഗ്രൗണ്ട് യുദ്ധോപകരണമായ ഹാമ്മർ 125 കിലോഗ്രാം മുതൽ 1000 കിലോഗ്രാം വരെ ഭാരമുള്ള സാധാരണ ബോംബുകളിൽ ഘടിപ്പിക്കാവുന്ന ഒരു മോഡുലാർ കിറ്റാണ്. ജി.പി.എസ്, ഇൻഫ്രാറെഡ്, ലേസർ രശ്മികൾ എന്നിവയുടെ സഹായത്താൽ കൂറ്റൻ ലക്ഷ്യങ്ങളെ വളരെ വേഗം ഭേദിക്കാൻ സാധിക്കും. റാഫാല്‍ പോർവിമാനങ്ങളില്‍ ഒരേസമയം ആറ് ഹാമ്മറുകൾ വരെ വഹിക്കാനാകും.
adsads