മരണപ്പെട്ട പൗരന്മാരുടെ സർക്കാർ കടങ്ങളും പിഴകളും എഴുതിത്തള്ളണം; പ്രമേയത്തിന് ബഹ്റൈൻ പാർലമെന്റിന്റെ അംഗീകാരം
പ്രദീപ് പുറവങ്കര
മനാമ: മരണപ്പെട്ട ബഹ്റൈൻ പൗരന്മാർ സർക്കാർ സ്ഥാപനങ്ങളിലേക്ക് അടയ്ക്കാനുള്ള വായ്പകൾ, കുടിശ്ശിക ബില്ലുകൾ, ഭരണപരമായ പിഴകൾ എന്നിവ എഴുതിത്തള്ളണമെന്ന പ്രമേയത്തിന് പാർലമെന്റ് ഇന്നലെ അംഗീകാരം നൽകി. എംപി മുഹമ്മദ് അൽ മആറഫി അവതരിപ്പിച്ച പ്രമേയം, മരണപ്പെട്ടയാളുടെ സ്വത്തുക്കളിൽനിന്ന് ഇത്തരം കുടിശ്ശികകൾ തിരിച്ചുപിടിക്കുന്നത് തടയാൻ ലക്ഷ്യമിടുന്നു. എന്നാൽ, അന്തിമ ക്രിമിനൽ കോടതി വിധികൾ പ്രകാരം ചുമത്തിയ പിഴകളെയും നഷ്ടപരിഹാരത്തെയും ഇതിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്.
കുടുംബനാഥനെ നഷ്ടപ്പെട്ട് ദുഃഖത്തിലാഴുന്ന കുടുംബങ്ങളെ കൂടുതൽ സാമ്പത്തിക പ്രതിസന്ധിയിലേക്കു തള്ളിവിടാതിരിക്കാനാണ് ഈ നീക്കമെന്ന് അൽ മആറഫി വ്യക്തമാക്കി. മരണപ്പെട്ട ബന്ധുക്കൾ വരുത്തിവച്ച കടങ്ങൾക്ക് അനന്തരാവകാശികളെ ഉത്തരവാദികളാക്കുന്നതിന്റെ നിയമപരമായ സാധുതയെയും അദ്ദേഹം ചോദ്യം ചെയ്തു. ‘സ്വന്തം പിതാവാണെങ്കിൽ പോലും, മറ്റൊരാളുടെ കടങ്ങൾക്ക് മറുപടി പറയാൻ ആളുകളെ നിർബന്ധിക്കുന്നതിൽ എന്ത് നിയമപരമായ ന്യായമാണുള്ളത്?’ അദ്ദേഹം ചോദിച്ചു. നിലവിലുള്ള ഭവനവായ്പാ ഇളവുകൾ ചൂണ്ടിക്കാട്ടിയ അദ്ദേഹം, മറ്റ് സർക്കാർ ബാധ്യതകളെ വ്യത്യസ്തമായി കാണുന്നത് എന്തുകൊണ്ടാണെന്ന് ആരാഞ്ഞു. പ്രമേയം തള്ളിക്കളയുന്നതിന് പകരം നിയമപരമായ തടസ്സങ്ങൾ പരിഹരിക്കാൻ സർക്കാർ മുൻകൈയെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കുടുംബത്തിന്റെ ഏക ആശ്രയം നഷ്ടപ്പെട്ട് കഷ്ടപ്പെടുന്നവരോട് കൂടുതൽ പരിഗണന കാണിക്കണമെന്ന് എംപി ഡോ. അലി അൽ നുഐമി ആവശ്യപ്പെട്ടു. ഒരു പൗരൻ മരണപ്പെട്ടാലുടൻ വൈദ്യുതി, ജല സബ്സിഡികൾ റദ്ദാക്കുന്ന നടപടിയെ അദ്ദേഹം രൂക്ഷമായി വിമർശിച്ചു. പിതാവ് മരിച്ചതിന്റെ തൊട്ടടുത്ത ദിവസം തന്നെ സബ്സിഡി പിൻവലിച്ചതായുള്ള നോട്ടീസ് മകന് ലഭിച്ച സംഭവം അദ്ദേഹം സഭയിൽ ചൂണ്ടിക്കാട്ടി. മരണത്തിന് തൊട്ടുപിന്നാലെ കുടുംബങ്ങളെ കൂടുതൽ സാമ്പത്തിക സമ്മർദത്തിലാക്കുന്നതിന് പകരം കാര്യങ്ങൾ ക്രമീകരിക്കാൻ അധികൃതർ മതിയായ സമയം നൽകണമെന്നും ഡോ. അൽ നുഐമി ആവശ്യപ്പെട്ടു.
അതേസമയം, കടങ്ങൾ ഒന്നടങ്കം എഴുതിത്തള്ളുന്നതിന്റെ ന്യായയുക്തതയെ എംപി ബാസിമ മുബാറക് ചോദ്യം ചെയ്തു. ഇത് സാമ്പത്തിക ബാധ്യതകൾ കൃത്യമായി നിറവേറ്റാത്തവർക്ക് പ്രോത്സാഹനമാകുമെന്ന് അവർ വാദിച്ചു. നിലവിലുള്ള നിയമങ്ങൾ അനന്തരാവകാശികളെ വ്യക്തിപരമായ ബാധ്യതകളിൽനിന്ന് സംരക്ഷിക്കുന്നുണ്ടെന്നും, അവരുടെ സ്വന്തം പണത്തിന് പകരം മരണപ്പെട്ടയാളുടെ സ്വത്തുക്കളിൽനിന്ന് മാത്രമാണ് കടം തിരിച്ചുപിടിക്കുന്നതെന്നും അവർ ചൂണ്ടിക്കാട്ടി. സർക്കാർ കുടിശ്ശികകൾ പൊതുപണമാണെന്നും കൃത്യമായ നിയമപരമായ അടിത്തറയില്ലാതെ അവ എഴുതിത്തള്ളാൻ പാടില്ലെന്നും ബാസിമ മുബാറക് വ്യക്തമാക്കി.
edrftt


