കരട് വോട്ടർപട്ടികയിൽ നിന്ന് പുറത്തായവർക്ക് വീണ്ടും അവസരം നൽകി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ
ശാരിക
ന്യൂഡൽഹി: പ്രത്യേക തീവ്ര വോട്ടർപട്ടിക പുതുക്കൽ (എസ്.ഐ.ആർ) നടപടികളുടെ ഭാഗമായി കരട് വോട്ടർപട്ടികയിൽ നിന്ന് ഒഴിവാക്കപ്പെട്ടവർക്ക് അന്തിമ പട്ടികയിൽ പേര് ഉൾപ്പെടുത്താൻ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ വീണ്ടും അവസരം നൽകി. ഡൽഹി, മഹാരാഷ്ട്ര, ഹരിയാന, ആന്ധ്രാപ്രദേശ്, ഝാർഖണ്ഡ്, തെലങ്കാന, നാഗാലാണ്ട് എന്നീ ഏഴ് സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമുള്ള വോട്ടർമാർക്കാണ് ഈ ആനുകൂല്യം ലഭിക്കുക. എന്യുമറേഷൻ ഫോമുകൾ സമർപ്പിക്കാത്തതിനെ തുടർന്ന് ആബ്സന്റ്, ഷിഫ്റ്റഡ്, ഡെഡ്, ഡ്യൂപ്ലിക്കേറ്റ് (എ,എസ്,ഡി,ഡി) പട്ടികയിൽ ഉൾപ്പെടുത്തി ഒഴിവാക്കിയവർക്കാണ് ഈ അവസരം. ഇത് സംബന്ധിച്ച് നിർദ്ദേശം ചീഫ് ഇലക്ടറൽ ഓഫീസർമാർക്ക് കമ്മീഷൻ കൈമാറി.
വോട്ടർമാർക്ക് വിവരങ്ങൾ എളുപ്പത്തിൽ അറിയാൻ പേര് നീക്കം ചെയ്തവരുടെ ബൂത്ത് തിരിച്ചുള്ള പട്ടിക പോളിങ് സ്റ്റേഷനുകളിലെ നോട്ടീസ് ബോർഡുകളിലും പഞ്ചായത്ത് ഭവനങ്ങൾ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, ബി.ഡി.ഒ ഓഫീസുകൾ എന്നിവിടങ്ങളിലും സി.ഇ.ഒമാരുടെ ഔദ്യോഗിക വെബ്സൈറ്റുകളിലും ലഭ്യമാക്കും. പുതിയ എന്യുമറേഷൻ ഫോമുകൾ ഇ.ആർ.ഒ ഡാഷ്ബോർഡ് വഴി ലഭിക്കും. ബൂത്ത് ലെവൽ ഓഫീസർമാർ വഴി നേരിട്ടോ വാട്ട്സ്ആപ്പ്, ഇമെയിൽ, എസ്.എം.എസ് വഴിയോ ഫോമുകൾ എത്തിക്കും. കൂടാതെ പഴയ വോട്ടർ ഐഡി (EPIC) നമ്പർ ഉപയോഗിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ്സൈറ്റിൽ നിന്നോ ECINET ആപ്പിൽ നിന്നോ ഫോമുകൾ ഡൗൺലോഡ് ചെയ്ത് പൂരിപ്പിക്കാവുന്നതാണ്. വോട്ടർമാരെ കണ്ടെത്തുന്നതിന് ബി.എൽ.ഓമാർ രാഷ്ട്രീയ പാർട്ടികളുടെ ബൂത്ത് ലെവൽ ഏജന്റുമാരുമായും റസിഡന്റ് വെൽഫെയർ അസോസിയേഷനുകളുമായും സഹകരിച്ച് പ്രവർത്തിക്കും.
താമസം മാറാത്ത വോട്ടർമാർ പുതിയ ഫോമിനൊപ്പം മുമ്പ് ഫോം സമർപ്പിക്കാൻ കഴിയാതിരുന്നതിന്റെ കാരണം വ്യക്തമാക്കുന്ന പ്രസ്താവന കൂടി നൽകണം. അപേക്ഷ വോട്ടർക്കോ കുടുംബാംഗങ്ങൾക്കോ ഇ.ആർ.ഒ, എ.ഇ.ആർ.ഒ, അല്ലെങ്കിൽ ബി.എൽ.ഒ എന്നിവർക്ക് നേരിട്ടോ, ECINET വഴി ഇ-സൈൻ ഉപയോഗിച്ച് ഓൺലൈനായോ സമർപ്പിക്കാം. സംസ്ഥാനത്തിനുള്ളിൽ താമസം മാറിയ വോട്ടർമാർ പുതിയ ഫോം 8 സമർപ്പിക്കേണ്ടതില്ല; പുതിയ വിലാസവും മണ്ഡലവും വ്യക്തമാക്കുന്ന വിവരങ്ങളും വിലാസ തെളിവും അടങ്ങിയ എന്യുമറേഷൻ ഫോം പുതിയ മണ്ഡലത്തിലെ അധികാരികൾക്ക് നൽകിയാൽ മതിയാകും. വിലാസ തെളിവുകളില്ലാത്ത ഭവനരഹിതരായ വോട്ടർമാർക്ക് ബി.എൽ.ഒ നടത്തുന്ന ഫീൽഡ് വേരിഫിക്കേഷൻ റിപ്പോർട്ട് തെളിവായി സ്വീകരിക്കും. അപേക്ഷകൾ പരിശോധിച്ച ശേഷം അംഗീകരിക്കുന്ന ഫോമുകൾ അന്തിമ വോട്ടർപട്ടികയിൽ ഉൾപ്പെടുത്തും.
sdfsdf

