പിഎസ്‌സി പരീക്ഷാ ക്രമക്കേട്: സർക്കാരിന് നടപടികളുമായി മുന്നോട്ടുപോകാമെന്ന് ഹൈക്കോടതി
ശാരിക
കൊച്ചി: പിഎസ്‌സി പരീക്ഷാ ക്രമക്കേടിൽ സർക്കാരിന് നടപടികളുമായി മുന്നോട്ടുപോകാമെന്ന് ഹൈക്കോടതി വ്യക്തമാക്കി. പിഎസ്‌സി ഹർജി നൽകിയെന്നു കരുതി വിഷയം കോടതി സ്റ്റേ ചെയ്തിട്ടില്ലെന്ന് ഹൈക്കോടതി അറിയിച്ചു. കേസിൽ ക്രൈം ബ്രാഞ്ച് സമർപ്പിച്ച റിപ്പോർട്ടിൽ മറുപടി നൽകാൻ പിഎസ്‌സി കൂടുതൽ സാവകാശം തേടിയതിനെ തുടർന്ന് കേസ് രണ്ടു ദിവസത്തിനു ശേഷം വീണ്ടും പരിഗണിക്കാൻ മാറ്റി.
ആസൂത്രണ ബോർഡ് പരീക്ഷാ ക്രമക്കേടിൽ ക്രൈംബ്രാഞ്ച് അന്വേഷണം തുടരുകയാണ്. ഈ അന്വേഷണം സ്റ്റേ ചെയ്യണമെന്നും എഫ്‌ഐആർ റദ്ദാക്കണമെന്നും ആവശ്യപ്പെട്ടാണ് പിഎസ്‌സി ഹൈക്കോടതിയെ സമീപിച്ചിരുന്നത്. എന്നാൽ ഹർജി നൽകുക മാത്രമാണ് ചെയ്തതെന്നും അതിൽ സ്റ്റേ ഒന്നും നൽകിയിട്ടില്ലെന്നുമാണ് കോടതി ഇപ്പോൾ ചൂണ്ടിക്കാണിച്ചിരിക്കുന്നത്.
ആസൂത്രണ ബോർഡ് പരീക്ഷാ ക്രമക്കേടിൽ രണ്ട് പിഎസ്സി ഉദ്യോഗസ്ഥർക്ക് ഗുരുതര വീഴ്ച സംഭവിച്ചതായി ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നു. ഡെപ്യൂട്ടി സെക്രട്ടറി പി. സതീഷ്, അഡീഷണൽ സെക്രട്ടറി ആർ. ഹരി എന്നിവർക്കാണ് വീഴ്ച സംഭവിച്ചതെന്ന് അന്വേഷണത്തിൽ വ്യക്തമായി. ക്രൈം ബ്രാഞ്ച് അന്വേഷണവും ഹൈക്കോടതിയുടെ രൂക്ഷ വിമർശനങ്ങളും ഉയർന്ന പശ്ചാത്തലത്തിൽ കഴിഞ്ഞ ദിവസം വിവാദ പരീക്ഷയുടെ പുതുക്കിയ റാങ്ക് ലിസ്റ്റ് പിഎസ്‌സി പ്രസിദ്ധീകരിച്ചിരുന്നു.
പരാതിക്കാരനായ ശ്യാം കൃഷ്ണനാണ് പുതിയ റാങ്ക് പട്ടികയിൽ ഒന്നാമതെത്തിയത്. മുമ്പ് ഒന്നാം റാങ്കിലുണ്ടായിരുന്ന അരുൺ ജെ. പ്രതാപൻ പുതുക്കിയ റാങ്ക് പട്ടികയിൽ അഞ്ചാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. അതേസമയം, ചീഫ് പ്ലാനിങ് കോർഡിനേഷൻ തസ്തികയിലേക്കുള്ള പുതുക്കിയ പട്ടികയിൽ നേരത്തെ ഒന്നാം റാങ്ക് നേടിയ സജിമോൻ തന്റെ സ്ഥാനം നിലനിർത്തിയിട്ടുണ്ട്.
wadeqwe

