കാൻസർ മരുന്നുകളുടെ ലാഭവിഹിതം 30 ശതമാനമായി നിജപ്പെടുത്തും: കേന്ദ്ര സർക്കാർ സുപ്രീം കോടതിയിൽ
ശാരിക
ന്യൂഡൽഹി: കാൻസർ മരുന്നുകളുടെ പരമാവധി വിൽപ്പനവിലയിൽ (എംആർപി) നിന്ന് വ്യാപാരികൾക്ക് ഈടാക്കാവുന്ന ലാഭവിഹിതം 30 ശതമാനമായി പരിമിതപ്പെടുത്താൻ തീരുമാനിച്ചതായി കേന്ദ്ര സർക്കാർ സുപ്രീം കോടതിയെ അറിയിച്ചു.
ഇതുമായി ബന്ധപ്പെട്ട മരുന്നുകളുടെ പട്ടിക ഉടൻ വിജ്ഞാപനം ചെയ്യുമെന്നും വിപണിയിലെ മാറ്റങ്ങൾക്ക് അനുസരിച്ച് കൂടുതൽ മരുന്നുകൾ ഇതിൽ ഉൾപ്പെടുത്തുമെന്നും സോളിസിറ്റർ ജനറൽ തുഷാർ മേത്ത വ്യക്തമാക്കി. ജസ്റ്റിസുമാരായ വിക്രം നാഥ്, സന്ദീപ് മേത്ത എന്നിവരടങ്ങിയ ബെഞ്ചിന് മുന്നിലാണ് കേന്ദ്രം നിലപാട് വ്യക്തമാക്കിയത്.
അതേസമയം, നിർമാണച്ചെലവും എംആർപിയും തമ്മിലുള്ള വലിയ വ്യത്യാസം കാൻസർ മരുന്നുകളിൽ മാത്രം ഒതുങ്ങുന്ന ഒന്നല്ലെന്നും മറ്റ് രോഗങ്ങൾക്കുള്ള മരുന്നുകളുടെ കാര്യത്തിലും ഇത് പരിശോധിക്കേണ്ടതുണ്ടെന്നും സുപ്രീം കോടതി നിരീക്ഷിച്ചു. നിർമാതാക്കൾ 5,000 രൂപയ്ക്ക് നൽകുന്ന സ്റ്റെന്റുകൾക്ക് 25,000 രൂപ എംആർപി നിശ്ചയിക്കുന്നത് എന്തിനാണെന്നും കോടതി ഉദാഹരണസഹിതം ചോദ്യമുന്നയിച്ചു. കേസ് കൂടുതൽ വാദത്തിനായി ഒക്ടോബർ 27-ലേക്ക് മാറ്റിയിട്ടുണ്ട്.
sdffds

