'ഫ്യൂച്ചർ ലൈറ്റ്സ് 3.0' പ്രോഗ്രാമിൽ പാരന്റിംഗ് സെഷൻ സംഘടിപ്പിച്ച് റയ്യാൻ സ്റ്റഡി സെന്റർ
പ്രദീപ് പുറവങ്കര
മനാമ: കുട്ടികളിൽ ഉയർന്ന ആത്മാഭിമാനവും ആത്മവിശ്വാസവും വളർത്തുന്നതിനും, വികാരങ്ങളെ സമചിത്തതയോടെ നിയന്ത്രിക്കാൻ പ്രാപ്തരാക്കുന്നതിനും പരമ്പരാഗത നിയന്ത്രണങ്ങൾക്ക് പകരം സ്നേഹത്തിലും അനുസരണത്തിലും അധിഷ്ഠിതമായ പാരന്റിംഗ് രീതികളാണ് രക്ഷിതാക്കൾ സ്വീകരിക്കേണ്ടതെന്ന് പ്രമുഖ കരിയർ ഗൈഡൻസ് സ്പെഷ്യലിസ്റ്റും എക്സ് & വൈ ലേർണിംഗ് സെന്റർ സി.ഇ.ഒയുമായ അജ്മൽ സി. അഭിപ്രായപ്പെട്ടു.
ജെൻ ആൽഫ, ജെൻ സി തലമുറയിലെ കുട്ടികളിൽ പഴയകാലത്തെ കഠിനമായ നിയന്ത്രണങ്ങൾ ഫലപ്രദമാകില്ല. സോഷ്യൽ മീഡിയയിലൂടെയും ഇലക്ട്രോണിക് പ്ലാറ്റ്ഫോമുകളിലൂടെയും സാങ്കേതികവിജ്ഞാനം നേടുന്ന ഇന്നത്തെ കുട്ടികൾ പല മേഖലകളിലും രക്ഷിതാക്കളെക്കാളും അധ്യാപകരെക്കാളും മുന്നിലാണ്. അതിനാൽ ഏകപക്ഷീയമായ തീരുമാനങ്ങളും കഠിനമായ ശിക്ഷാരീതികളും ഒഴിവാക്കണം. കൃത്യമായ ചർച്ചകളിലൂടെയും ഉപദേശങ്ങളിലൂടെയും മാത്രമേ പുതിയ തലമുറയുടെ വിശ്വാസ്യത നേടിയെടുക്കാൻ സാധിക്കൂവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
റയ്യാൻ സ്റ്റഡി സെന്റർ സംഘടിപ്പിച്ച 'ഫ്യൂച്ചർ ലൈറ്റ്സ് 3.0' പരിപാടിയിൽ പാരന്റിംഗ് സെഷൻ കൈകാര്യം ചെയ്യുകയായിരുന്നു അദ്ദേഹം. പഠനം പൂർത്തിയാക്കിയ വിദ്യാർത്ഥികൾക്കുള്ള സർട്ടിഫിക്കറ്റുകളും പുരസ്കാരങ്ങളും ചടങ്ങിൽ അജ്മൽ സി. വിതരണം ചെയ്തു.
പ്രോഗ്രാം കൺവീനർ അബ്ദു സലാം പരിപാടി ഉദ്ഘാടനം ചെയ്തു. തൗസീഫ് അഷ്റഫ്, ഫക്രുദ്ദീൻ അലി അഹ്മദ്, അബ്ദുൽ ഗഫൂർ എന്നിവർ സമ്മാനദാനച്ചടങ്ങുകൾ ഏകോപിപ്പിച്ചു. റയ്യാൻ സ്റ്റഡി സെന്റർ തയ്യാറാക്കിയ പുതിയ വെബ്സൈറ്റിനെക്കുറിച്ച് നഫ്സീൻ വിശദീകരിച്ചു. ഇസ്ലാമിക ചികിത്സാരീതികളും ഭക്ഷണ-ആരാധനാ ക്രമങ്ങളും കൃത്യമായി പിന്തുടരുന്നത് ആരോഗ്യപൂർണ്ണമായ സമൂഹത്തെ വാർത്തെടുക്കാൻ സഹായിക്കുമെന്ന് പൂർവ്വ വിദ്യാർത്ഥിയായ അബ്ദുൽ വാഹിദ് യാക്കൂബ് (ഖത്തർ) അഭിപ്രായപ്പെട്ടു.
വിദ്യാർത്ഥികളായ മിൻഹാ അബ്ദുൽ സലാം, വിദാദ് അബ്ദുൽ ലത്തീഫ്, ഹയ അബ്ദുൽ ഗഫൂർ എന്നിവർ റയ്യാൻ സെന്ററിലെ പഠനാനുഭവങ്ങൾ പങ്കുവെച്ചു. പ്രിൻസിപ്പൽ അബ്ദു ലത്തീഫ് ചാലിയം ഭാവി പദ്ധതികളെക്കുറിച്ചും, വൈസ് പ്രിൻസിപ്പൽ കുട്ടികളിൽ ഇസ്ലാമിക ബോധം വളർത്തേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചും സംസാരിച്ചു. എഡ്യൂക്കേഷൻ സെക്രട്ടറി സാദിഖ് ബിൻ യഹ്യ നന്ദി രേഖപ്പെടുത്തി.
sfsdf

