ഗൾഫ് മേഖലയുമായുള്ള ബഹ്റൈന്റെ വ്യാപാരത്തിൽ 83% പങ്കാളിത്തവും സൗദിക്കും യു.എ.ഇക്കും
പ്രദീപ് പുറവങ്കര
മനാമ: കഴിഞ്ഞ വർഷം ജി.സി.സി രാജ്യങ്ങളുമായി ബഹ്റൈൻ നടത്തിയ ആകെ വ്യാപാരത്തിൽ 83 ശതമാനവും സൗദി അറേബ്യ, യു.എ.ഇ എന്നീ രാജ്യങ്ങളുമായിട്ടാണെന്ന് ബഹ്റൈൻ ചേംബർ പുറത്തുവിട്ട റിപ്പോർട്ടിൽ വ്യക്തമാക്കി. ബഹ്റൈനിൽ ചേർന്ന ഫെഡറേഷൻ ഓഫ് ജി.സി.സി ചേംബേഴ്സ് യോഗത്തിലാണ് ഈ വിവരങ്ങൾ പങ്കുവെച്ചത്. ഗൾഫ് രാജ്യങ്ങളുമായുള്ള ആകെ 8.73 ബില്യൺ ഡോളറിന്റെ വ്യാപാരത്തിൽ 7.26 ബില്യൺ ഡോളറും ഈ രണ്ടു രാജ്യങ്ങളുമായാണ് നടന്നിട്ടുള്ളത്.
ബഹ്റൈന്റെ ഏറ്റവും വലിയ ജി.സി.സി വ്യാപാര പങ്കാളി 3.93 ബില്യൺ ഡോളർ (45%) ഇടപാട് നടത്തിയ സൗദി അറേബ്യയാണ്. 3.33 ബില്യൺ ഡോളറുമായി (38.2%) യു.എ.ഇ രണ്ടാമതുണ്ട്. ഖത്തർ (555.1 മില്യൺ ഡോളർ), ഒമാൻ (469.1 മില്യൺ ഡോളർ), കുവൈത്ത് (441.3 മില്യൺ ഡോളർ) എന്നീ രാജ്യങ്ങളുമായി ചേർന്ന് ആകെ 1.47 ബില്യൺ ഡോളറിന്റെ വ്യാപാരമാണ് നടന്നത്. സ്റ്റീൽ, അലുമിനിയം, സ്വർണ്ണം, ആഭരണങ്ങൾ, ഭക്ഷ്യവസ്തുക്കൾ, മരുന്നുകൾ എന്നിവയായിരുന്നു പ്രധാന കച്ചവട വസ്തുക്കൾ.
ജി.സി.സി രാജ്യങ്ങളുമായുള്ള ഭാവി ബിസിനസ് അവസരങ്ങളും ചേംബർ ചൂണ്ടിക്കാട്ടി. സൗദിയുമായി ഊർജ്ജം, സൈബർ സെക്യൂരിറ്റി, പെട്രോകെമിക്കൽ മേഖലകളിലും; യു.എ.ഇയുമായി എ.ഐ, അത്യാധുനിക സാങ്കേതികവിദ്യ, ഡിജിറ്റൽ ഇക്കോണമി മേഖലകളിലും; ഖത്തറുമായി അഗ്രി-ടെക്, റിയൽ എസ്റ്റേറ്റ് മേഖലകളിലും; ഒമാനുമായി ഭക്ഷ്യസുരക്ഷ, നിർമ്മാണം എന്നിവയിലും; കുവൈത്തുമായി ഹെൽത്ത്കെയർ, പുനരുപയോഗ ഊർജ്ജം, ലോജിസ്റ്റിക്സ് മേഖലകളിലും കൂടുതൽ സാദ്ധ്യതകളുണ്ട്.
2025-ൽ ജി.സി.സി രാജ്യങ്ങളിൽ നിന്ന് ആകെ 11.2 മില്യൺ സന്ദർശകരാണ് ബഹ്റൈനിൽ എത്തിയത്. ഇതിൽ 10.4 മില്യൺ ആളുകളും (93.2%) സൗദി അറേബ്യയിൽ നിന്നുള്ളവരായിരുന്നു. കുവൈത്തിൽ നിന്ന് 425,000 പേരും, ഖത്തറിൽ നിന്ന് 152,000 പേരും, യു.എ.ഇയിൽ നിന്ന് 114,500 പേരും, ഒമാനിൽ നിന്ന് 70,200 പേരും ബഹ്റൈൻ സന്ദർശിച്ചു.
sdsdf

