പാലക്കാട് സിപിഎമ്മിൽ വൻ അഴിച്ചുപണി: ഇ.എൻ. സുരേഷ് ബാബുവിനെ മാറ്റി; വി. ചെന്താമരാക്ഷൻ പുതിയ സെക്രട്ടറി
ഷീബ വിജയൻ
പാലക്കാട്: പാലക്കാട് സിപിഎമ്മിൽ അസാധാരണ നടപടിയുമായി പാർട്ടി സംസ്ഥാന നേതൃത്വം. ജില്ലാ സെക്രട്ടറി സ്ഥാനത്തുനിന്ന് ഇ.എൻ. സുരേഷ് ബാബുവിനെ മാറ്റി. മുൻ എംഎൽഎയും മുതിർന്ന നേതാവുമായ വി. ചെന്താമരാക്ഷനാണ് പുതിയ ജില്ലാ സെക്രട്ടറി. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ പങ്കെടുത്ത ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിലാണ് നേതൃമാറ്റം സംബന്ധിച്ച നിർണ്ണായക തീരുമാനമുണ്ടായത്. പാർട്ടി സമ്മേളന കാലയളവിലല്ലാതെ ജില്ലാ സെക്രട്ടറിയെ മാറ്റുന്നത് സിപിഎമ്മിൽ അപൂർവ്വവും അസാധാരണവുമായ നടപടിയാണ്.
വിപുലീകരിച്ച ജില്ലാ കമ്മിറ്റി യോഗത്തിൽ ജില്ലാ നേതൃത്വത്തിനും പ്രത്യേകിച്ച് ഇ.എൻ. സുരേഷ് ബാബുവിനുമെതിരെ കടുത്ത വിമർശനങ്ങളാണ് ഉയർന്നത്. ജില്ലയിലെ വിഭാഗീയതയും വിമത നീക്കങ്ങളും തടയുന്നതിൽ ജില്ലാ സെക്രട്ടറി പൂർണ്ണമായും പരാജയപ്പെട്ടുവെന്ന് യോഗത്തിൽ വിമർശനമുയർന്നു. ജില്ലയിൽ ചില നേതാക്കളെ കേന്ദ്രീകരിച്ചാണ് ഗ്രൂപ്പുകൾ പ്രവർത്തിക്കുന്നത്. വ്യക്തികേന്ദ്രീകൃതമായ ഗ്രൂപ്പുകളുടെ പ്രവർത്തനം തടയാൻ നേതൃത്വത്തിന് സാധിക്കാതെ പോയതാണ് തൃത്താലയിലും കോങ്ങാടും പാർട്ടിക്ക് അപ്രതീക്ഷിത പരാജയം സമ്മാനിച്ചത്. പാർട്ടിയുടെ അടിസ്ഥാന തത്വമായ കേന്ദ്രീകൃത സ്വഭാവം ജില്ലയിൽ ഇല്ലാതായെന്നും നേതാക്കൾ തുറന്നടിച്ചു.
ജില്ലാ സെക്രട്ടറിക്ക് പക്വതയില്ലെന്നും അദ്ദേഹത്തിന്റെ ധാർഷ്ട്യത്തോടെയുള്ള പെരുമാറ്റം പാർട്ടിയുടെ താഴെത്തട്ടിലുള്ള പ്രതിച്ഛായയെയും സംഘടനാ അടിത്തറയെയും സാരമായി ബാധിച്ചുവെന്നും പ്രതിനിധികൾ കുറ്റപ്പെടുത്തി. പ്രശ്നങ്ങൾ വഷളാകാതെ രമ്യമായി പരിഹരിക്കുന്നതിന് പകരം വിഭാഗീയത ആളിക്കത്തിച്ചത് നിയമസഭാ തെരഞ്ഞെടുപ്പിൽ കനത്ത തിരിച്ചടിയായി. ചിറ്റൂരിലെ തോൽവിക്ക് ആക്കം കൂട്ടിയ കൊഴിഞ്ഞാമ്പാറയിലെ വിമതനീക്കം തടയാനും ജില്ലാ സെക്രട്ടറിക്ക് കഴിഞ്ഞില്ല. ഇതിന് പിന്നാലെയാണ് സുരേഷ് ബാബുവിനെ ഉടൻ മാറ്റണമെന്ന ആവശ്യം യോഗത്തിൽ ശക്തമായതും നേതൃത്വം നടപടിയിലേക്ക് കടന്നതും.
ജില്ലാ കമ്മിറ്റിയിൽ 11 സെക്രട്ടറിയേറ്റ് അംഗങ്ങൾ ആണുള്ളത് ഇവരിൽ ഭൂരിഭാഗം പേരും സുരേഷ് ബാബുവിനെ എതിർക്കുകയായിരുന്നു. സംസ്ഥാന സെക്രട്ടറിയേറ്റ് അംഗമായി തെരഞ്ഞെടുക്കപ്പെട്ട മുൻ മന്ത്രി എം.ബി. രാജേഷും സുരേഷ് ബാബുവിനെതിരെ രംഗത്ത് വന്നതായാണ് വിവരം. ഇതോടെയാണ് പാർട്ടി സംസ്ഥാന സെക്രട്ടറിയും പിണറായി വിജയനും ഉൾപ്പെടെ സുരേഷ് ബാബുവിനെ കൈവിട്ടത്. രണ്ടാംവട്ടം പാർട്ടി ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട ഇ.എൻ. സുരേഷ് ബാബു കാലാവധി പൂർത്തിയാകുന്നതിന് മുമ്പാണ് പുറത്തേക്ക് പോകുന്നത്.
പാലക്കാട് സിപിഎമ്മിൽ വൻ അഴിച്ചുപണി: ഇ.എൻ. സുരേഷ് ബാബുവിനെ മാറ്റി; വി. ചെന്താമരാക്ഷൻ പുതിയ സെക്രട്ടറി

