വിവാഹമോചനം മറച്ച് വെച്ച് വിസ അപേക്ഷ: സ്വദേശിക്ക് ബഹ്റൈനിൽ മൂന്ന് വർഷം തടവ്
പ്രദീപ് പുറവങ്കര
മനാമ: വിവാഹമോചന വിവരം മറച്ചുവെച്ച് സർക്കാർ സംവിധാനങ്ങളെ തെറ്റിദ്ധരിപ്പിച്ച് മുൻഭാര്യക്ക് ഫാമിലി വിസ എടുത്ത കേസിൽ 65-കാരനായ ബഹ്റൈൻ സ്വദേശിക്ക് മൂന്ന് വർഷം തടവുശിക്ഷ. ബഹ്റൈൻ ഹൈ ക്രിമിനൽ കോടതിയുടേതാണ് വിധി. പ്രതി രാജ്യത്തില്ലാത്തതിനാൽ പ്രതിയുടെ സാന്നിധ്യമില്ലാതെയാണ് കോടതി വിധി പ്രസ്താവിച്ചത്.
2002-ൽ യു.എ.ഇയിൽ വെച്ചാണ് ബഹ്റൈൻ സ്വദേശിയായ പ്രതി മൊറോക്കൻ യുവതിയെ വിവാഹം കഴിക്കുന്നത്. ഇവർക്ക് ഒരു മകളുമുണ്ട്. 2006-ൽ ബഹ്റൈനിലേക്ക് താമസം മാറിയ ഇരുവരും 2007-ൽ നിയമപരമായി ബന്ധം വേർപെടുത്തി. തുടർന്ന് 2010-ൽ മകളോടൊപ്പം മൊറോക്കൻ വനിത യു.എ.ഇയിലേക്ക് മടങ്ങുകയും മകളുടെ സ്കൂൾ വിദ്യാഭ്യാസം അവിടെ പൂർത്തിയാക്കുകയും ചെയ്തു.
എന്നാൽ യു.എ.ഇയിലെ ഉയർന്ന പഠനച്ചെലവ് കാരണം മകൾ ഉപരിപഠനത്തിനായി ബഹ്റൈൻ തിരഞ്ഞെടുത്തതോടെ 2022 ഡിസംബറിൽ അമ്മയും മകളും വീണ്ടും ബഹ്റൈനിലെത്തി. തുടർന്ന്, അധിക ഫീസ് ഒഴിവാക്കുന്നതിനായി വിവാഹമോചന വിവരം മറച്ചുവെച്ച്, മുൻഭാര്യക്കായി പ്രതി നാഷണാലിറ്റി, പാസ്പോർട്ട് ആൻഡ് റെസിഡൻസ് അഫയേഴ്സിൽ ഫാമിലി വിസയ്ക്ക് അപേക്ഷ നൽകുകയായിരുന്നു. പഴയ വിവാഹ സർട്ടിഫിക്കറ്റും ബാങ്ക് സ്റ്റേറ്റ്മെന്റുകളും ഉപയോഗിച്ച് തെറ്റിദ്ധരിപ്പിച്ചാണ് 2023 ഏപ്രിൽ മുതൽ 2025 ഏപ്രിൽ വരെ കാലാവധിയുള്ള രണ്ട് വർഷത്തെ വിസ നേടിയെടുത്തത്.
വിസ എടുത്തു നൽകിയ ശേഷം പ്രതി തങ്ങളെ ഉപേക്ഷിച്ച് വിദേശത്തേക്ക് കടന്നതായി 60-കാരിയായ മുൻഭാര്യ കോടതിയിൽ മൊഴി നൽകി. പിതാവ് ഉപേക്ഷിച്ചു പോയതോടെ പഠനം അവസാനിപ്പിച്ച് ജോലിക്കു കയറാൻ നിർബന്ധിതയായ മകൾ, അമ്മയുടെ സ്പോൺസർഷിപ്പ് പിതാവിൽ നിന്ന് സ്വന്തം പേരിലേക്ക് മാറ്റാൻ അപേക്ഷ നൽകിയപ്പോഴാണ് തട്ടിപ്പ് പുറത്തുവന്നത്. അപേക്ഷയോടൊപ്പം 2008-ലെ സുന്നി ഫാമിലി കോടതി പുറപ്പെടുവിച്ച വിവാഹമോചന സർട്ടിഫിക്കറ്റ് ഹാജരാക്കിയതോടെ വിസ ലഭിച്ചത് വ്യാജ വിവരങ്ങളുടെ അടിസ്ഥാനത്തിലാണെന്ന് അധികൃതർ കണ്ടെത്തുകയായിരുന്നു.
വിവരങ്ങൾ മറച്ചുവെച്ച് സർക്കാർ സംവിധാനത്തിൽ തെറ്റായ വിവരങ്ങൾ രേഖപ്പെടുത്തിയതിനാണ് പബ്ലിക് പ്രൊസിക്യൂഷൻ കേസെടുത്തത്. പ്രതി ഇപ്പോഴും വിദേശത്ത് തുടരുന്നതായാണ് വിവരം.
xdfdfssf

