മുനമ്പം മോഡൽ തളിപ്പറമ്പിലും? 634 ഏക്കർ ഭൂമി ലക്ഷ്യമിട്ട് വഖഫ് ബോർഡ്; വടക്കൻ കേരളത്തിലും ആശങ്ക
ഷീബ വിജയൻ
കോഴിക്കോട്: മുനമ്പം ഭൂമി തർക്കം സംസ്ഥാനത്ത് വലിയ രാഷ്ട്രീയ ചർച്ചയായിരിക്കുന്നതിനിടെ, തളിപ്പറമ്പിലെ 634 ഏക്കറോളം വരുന്ന വഖഫ് ഭൂമി കണ്ടെത്തി തിരിച്ചുപിടിക്കാനുള്ള നടപടികളുമായി കേരള വഖഫ് ബോർഡ് മുന്നോട്ട് പോകുന്നു. നഗരത്തിന്റെ ഹൃദയഭാഗത്തുള്ള ഈ ഭൂമിയിൽ തളിപ്പറമ്പ് മുനിസിപ്പൽ ഓഫീസ്, സഹകരണ ആശുപത്രി, സയ്യിദ് നഗർ, മന്ന ഉൾപ്പെടെയുള്ള പ്രധാന വാണിജ്യ കെട്ടിടങ്ങളും സർക്കാർ സ്ഥാപനങ്ങളും ഉൾപ്പെടുന്നുണ്ടെന്നാണ് വിവരം. ഇതിനോടകം തന്നെ കൈയേറിയ രേഖകൾ ബോർഡ് ശേഖരിച്ചു തുടങ്ങി. സ്ഥിതിഗതികൾ വിലയിരുത്താൻ വഖഫ് ബോർഡ് അംഗങ്ങൾ ഉടൻ തളിപ്പറമ്പ് സന്ദർശിക്കുമെന്ന് ചെയർമാൻ കെ.എസ്. ഹംസ വ്യക്തമാക്കിയിട്ടുണ്ട്. തളിപ്പറമ്പിൽ ജമാഅത്ത് ട്രസ്റ്റിന്റെ ആദ്യകാല നേതൃത്വവുമായി ബന്ധപ്പെട്ടവർ വഖഫ് ഭൂമി വീതിച്ചെടുക്കുകയും ചില ഭാഗങ്ങൾ വഖഫ് ഭൂമിയല്ലെന്ന് കാണിച്ച് സ്വകാര്യ വ്യക്തികൾക്ക് വിൽക്കുകയും ചെയ്തതാണ് തർക്കത്തിന് കാരണമെന്ന് വഖഫ് സംരക്ഷണ സമിതി ആരോപിക്കുന്നു. മുനമ്പത്ത് വഖഫ് ഭൂമി വാങ്ങിയ മുസ്ലിം ഇതര വിഭാഗങ്ങൾ തെറ്റിദ്ധരിപ്പിക്കപ്പെട്ടതാണെങ്കിൽ തളിപ്പറമ്പിൽ വ്യക്തിപരമായ താല്പര്യങ്ങൾക്ക് വേണ്ടി ബന്ധുക്കൾ ഭൂമി പങ്കുവെച്ചതാണെന്ന വ്യത്യാസമുണ്ട്. പതിറ്റാണ്ടുകൾക്ക് മുമ്പ് നാമമാത്രമായ തുകയ്ക്ക് ദീർഘകാല പാട്ടത്തിന് നൽകിയ ഭൂമികളും ഇതിലുൾപ്പെടുന്നതിനാൽ പ്രത്യേക സമീപനത്തോടെയാകും ബോർഡ് നടപടികളിലേക്ക് കടക്കുക.
erwfewdsweqsa

