കിഫ്ബി പണം ഒഴുകിയത് കണ്ണൂരിലേക്ക്; മറ്റു ജില്ലകൾക്ക് 'തഴയൽ', പ്രാദേശിക അസമത്വം തുറന്നുകാട്ടി ധവളപത്രം
ഷീബ വിജയൻ
തിരുവനന്തപുരം: കിഫ്ബി വഴിയുള്ള പദ്ധതി വിതരണത്തിൽ സംസ്ഥാനത്ത് കടുത്ത പ്രാദേശിക അസമത്വം നിലനിൽക്കുന്നതായി മുഖ്യമന്ത്രി വി.ഡി. സതീശൻ നിയമസഭയിൽ അവതരിപ്പിച്ച ധവളപത്രം വ്യക്തമാക്കുന്നു. അനുവദിച്ച പദ്ധതികളിൽ 20 ശതമാനത്തിലധികവും കണ്ണൂർ ജില്ലയിലാണെന്നും ഇത് സാമ്പത്തിക നീതിക്ക് നിരക്കാത്തതാണെന്നും കെ.എം. ചന്ദ്രശേഖർ അധ്യക്ഷനായ സമിതിയുടെ റിപ്പോർട്ട് ഉദ്ധരിച്ച് ധവളപത്രത്തിൽ പറയുന്നു. കിഫ്ബി അംഗീകരിച്ച ആകെ തുകയുടെ 20.4 ശതമാനവും വിതരണം ചെയ്ത തുകയുടെ 19.1 ശതമാനവും കണ്ണൂരിലെ പദ്ധതികൾക്കാണ് ലഭിച്ചത്. കണ്ണൂരിന് പുറമെ തിരുവനന്തപുരം (16.7%), എറണാകുളം (11.4%) എന്നീ ജില്ലകൾ കൂടി ചേരുമ്പോൾ ആകെ ഫണ്ടിന്റെ പകുതിയോളവും ഈ മൂന്ന് ജില്ലകൾക്ക് മാത്രമായി ചുരുങ്ങുന്നു. എന്നാൽ പത്തനംതിട്ട (2.4%), ഇടുക്കി (2.0%), വയനാട് (1.4%) തുടങ്ങിയ ജില്ലകൾ പൂർണ്ണമായി അവഗണിക്കപ്പെട്ടു. ശാസ്ത്രീയ പഠനങ്ങൾക്ക് പകരമായി രാഷ്ട്രീയ, ഭരണപരമായ താല്പര്യങ്ങൾ മുൻനിർത്തിയാണ് പദ്ധതികൾ തിരഞ്ഞെടുത്തത്. മേഖല തിരിച്ചുള്ള വിതരണത്തിൽ 68 ശതമാനവും പൊതുമരാമത്ത്, വ്യവസായം, ആരോഗ്യ വകുപ്പുകൾക്ക് മാത്രമായി പരിമിതപ്പെടുത്തിയപ്പോൾ വിദ്യാഭ്യാസം, കുടിവെള്ളം തുടങ്ങിയ പ്രധാന മേഖലകൾക്ക് അർഹമായ പരിഗണന ലഭിച്ചില്ലെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.
aqsaswasw

