വൈക്കത്ത് മാങ്ങ പറിക്കുന്നതിനിടെ വീട്ടമ്മ വൈദ്യുതാഘാതമേറ്റ് മരിച്ചു
ഷീബ വിജയൻ
കോട്ടയം വൈക്കത്ത് അലുമിനിയം തോട്ടി ഉപയോഗിച്ച് മാങ്ങ പറിക്കുന്നതിനിടെ വീട്ടമ്മ വൈദ്യുതാഘാതമേറ്റ് മരിച്ചു. വൈക്കം ആറാട്ടുകുളങ്ങര ഇടത്തിൽ അനിരുദ്ധിന്റെ ഭാര്യ രമണി (64) ആണ് മരിച്ചത്. ശനിയാഴ്ച രാവിലെ 11 മണിയോടെ ഇവരുടെ വീട്ടുവളപ്പിലായിരുന്നു ദാരുണമായ സംഭവം. മാങ്ങ പറിക്കുന്നതിനിടെ കൈയിലുണ്ടായിരുന്ന തോട്ടി സമീപത്തെ വൈദ്യുതി ലൈനിൽ തട്ടുകയായിരുന്നു. രമണിയുടെ നിലവിളി കേട്ട് അയൽക്കാരനോട് സംസാരിച്ചുനിൽക്കുകയായിരുന്ന കാഴ്ചപരിമിതിയുള്ള ഭർത്താവ് അനിരുദ്ധൻ ഓടിയെത്തി രക്ഷിക്കാൻ ശ്രമിച്ചെങ്കിലും വൈദ്യുതാഘാതമേറ്റ് ദൂരേക്ക് തെറിച്ചുവീണു. തുടർന്ന് ഓടിയെത്തിയ സമീപവാസിയാണ് രമണിയെ തോട്ടിയിൽ നിന്ന് വേർപെടുത്തിയത്. ഉടൻ തന്നെ വൈക്കം താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം നിലവിൽ വൈക്കം താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
ോ്േൈോ്േോ്േ

