പിണറായിയുടെ വീട്ടിലെ റെയ്ഡ്: രാഹുൽ ഗാന്ധിയാണോ ആളെ വിട്ടതെന്ന് മുഖ്യമന്ത്രി ; സി.പി.എമ്മിന് പരിഹാസ മറുപടി
ഷീബ വിജയൻ
മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ വീട്ടിൽ ഇ.ഡി പരിശോധന നടത്തിയ സംഭവത്തിൽ പ്രതികരണവുമായി മുഖ്യമന്ത്രി വി.ഡി. സതീശൻ രംഗത്തെത്തി. പിണറായിയുടെ മകൾ വീണാ വിജയനെതിരെയുള്ള എക്സാലോജിക് കേസിൽ കേന്ദ്ര ഏജൻസിയാണ് നിയമനടപടികളുമായി മുന്നോട്ടുപോകുന്നതെന്നും ഇതിൽ സംസ്ഥാന സർക്കാരിന് യാതൊരു പങ്കുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഹൈക്കോടതി നിർദേശപ്രകാരം നടക്കുന്ന ഇത്തരം പരിശോധനകളിൽ ഇടപെടാൻ സർക്കാരിന് അധികാരമില്ല. റെയ്ഡ് വിവരം ഇ.ഡി മുൻകൂട്ടി അറിയിച്ചിരുന്നില്ലെങ്കിലും, സ്ഥലത്തെ ജനക്കൂട്ടം കണ്ട് ക്രമസമാധാന പ്രശ്നം ഒഴിവാക്കാൻ പോലീസിനെ വിന്യസിച്ച ആഭ്യന്തരമന്ത്രിയുടെ നടപടി അഭിനന്ദനാർഹമാണെന്ന് അദ്ദേഹം പറഞ്ഞു. എന്നാൽ ഇ.ഡി ഉദ്യോഗസ്ഥരെ തടയുകയും ആക്രമിക്കുകയും ചെയ്തത് കടുത്ത കുറ്റകൃത്യമാണ്.
ഇതിനിടെ, ഇ.ഡി റെയ്ഡിന് പിന്നിൽ 'മോദി-വി.ഡി ഡീൽ' ആണെന്ന സി.പി.എം ആരോപണത്തെ സതീശൻ പരിഹസിച്ചു. താൻ മോദിയെ കണ്ടപ്പോൾത്തന്നെ പിണറായിയുടെ വീട്ടിൽ റെയ്ഡ് നടത്താൻ പറഞ്ഞുവെന്നും ഉടനെ മോദി ഫോണെടുത്ത് കുത്തി 12 ഇടങ്ങളിൽ റെയ്ഡിന് ഉത്തരവിട്ടുവെന്നുമുള്ള രീതിയിലാണ് മുൻ മന്ത്രിമാർ വരെ സംസാരിക്കുന്നതെന്ന് സതീശൻ തമാശരൂപേണ പറഞ്ഞു. എന്നാൽ പിണറായി വിജയൻ ഒരിക്കലും ഇത്തരമൊരു നിലപാട് പറയില്ലെന്നാണ് കരുതുന്നത്. റെയ്ഡിന് പിന്നാലെ പുറത്തിറങ്ങിയ പിണറായി വിജയൻ മോദിയെയോ അമിത് ഷായെയോ കുറ്റപ്പെടുത്താതെ രാഹുൽ ഗാന്ധിയെ മാത്രമാണ് ലക്ഷ്യം വെച്ചത്. രാഹുൽ ഗാന്ധിയാണോ റെയ്ഡിന് ആളെ വിട്ടതെന്ന് ചോദിച്ച സതീശൻ, തനിക്കെതിരെ ഇ.ഡി കേസ് വന്നപ്പോൾ രാഹുൽ രാഷ്ട്രീയമായാണ് നേരിട്ടതെന്നും 56 മണിക്കൂർ ചോദ്യം ചെയ്യലിന് വിധേയനായിട്ടും കോൺഗ്രസുകാർ ഇ.ഡി വാഹനം തല്ലിത്തകർത്തിട്ടില്ലെന്നും ഓർമ്മിപ്പിച്ചു. സി.പി.എമ്മിനും ഇതിനെ രാഷ്ട്രീയമായി നേരിടാം. ചോദ്യങ്ങളോട് പ്രതികരിക്കാനുള്ള സമയം തീരുമാനിക്കുന്നത് തന്റെ അവകാശമാണെന്നും മാധ്യമങ്ങൾ തന്നെ പിണറായി വിജയനുമായി താരതമ്യം ചെയ്യരുതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
ോേ്ോ്േ്േോ

