തമിഴ്‌നാടിന്റെ മുഖ്യമന്ത്രിയായി വിജയ് സത്യപ്രതിജ്ഞ ചെയ്തു; 120 എംഎൽഎമാരുടെ പിന്തുണയോടെ ടിവികെ സർക്കാർ അധികാരത്തിൽ
പ്രദീപ് പുറവങ്കര
ചെന്നൈ: തമിഴ് രാഷ്ട്രീയത്തിൽ പുതിയ യുഗത്തിന് തുടക്കം കുറിച്ചുകൊണ്ട് തമിഴക വെട്രി കഴകം (TVK) അധ്യക്ഷൻ വിജയ് തമിഴ്‌നാട് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. ചെന്നൈ ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ നടന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ സത്യവാചകം ചൊല്ലിക്കൊടുത്തു. ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ സാന്നിധ്യം ചടങ്ങിന്റെ പ്രാധാന്യം വർദ്ധിപ്പിച്ചു.
വിജയ്‌യുടെ കുടുംബാംഗങ്ങൾ, ടിവികെ പ്രവർത്തകർ, ചലച്ചിത്ര താരങ്ങൾ തുടങ്ങി വൻ ജനവലിയാണ് സത്യപ്രതിജ്ഞയ്ക്ക് സാക്ഷ്യം വഹിക്കാൻ എത്തിയത്. 120 എംഎൽഎമാരുടെ പിന്തുണയോടെയാണ് ടിവികെ സർക്കാർ രൂപീകരിച്ചിരിക്കുന്നത്. വിജയ്‌ക്കൊപ്പം ഒമ്പത് മന്ത്രിമാരും ഇന്ന് സത്യപ്രതിജ്ഞ ചെയ്തു. സഖ്യകക്ഷിയായ കോൺഗ്രസിൽ നിന്നുള്ള മന്ത്രിമാരെ വിശ്വാസ വോട്ടെടുപ്പിന് ശേഷം മാത്രമേ പ്രഖ്യാപിക്കൂ.
പുതിയ മന്ത്രിസഭയിലെ ഏക വനിതാ പ്രതിനിധി 29 വയസ്സുകാരിയായ സെൽവി എസ്. കീർത്തനയാണ്. ശിവകാശിയിൽ നിന്നുള്ള എംഎൽഎയായ കീർത്തന തമിഴ്‌നാട്ടിലെ ഏറ്റവും പ്രായം കുറഞ്ഞ മന്ത്രി എന്ന റെക്കോർഡും സ്വന്തമാക്കി. രാഷ്ട്രീയ കൺസൾട്ടന്റായി പ്രവർത്തിച്ചിട്ടുള്ള കീർത്തന ടിവികെയുടെ ഏറ്റവും പ്രായം കുറഞ്ഞ വനിതാ എംഎൽഎ കൂടിയാണ്.
മറ്റ് മന്ത്രിമാർ:
എൻ. ആനന്ദ്, കെ.എ. സെങ്കോട്ടയ്യൻ, കെ.ജി. അരുൺരാജ്, ആധവ് അർജുന, പി. വെങ്കട്ടരമണൻ, രാജ്‌മോഹൻ, സി.ടി.ആർ. നിർമൽകുമാർ, ഡോ. കെ.ടി. പ്രഭു എന്നിവരാണ് മന്ത്രിസഭയിലെ മറ്റ് അംഗങ്ങൾ.
aa

