എൽഡിഎഫിനോട് കടക്കൂ പുറത്ത് ; കേരളത്തിൽ യുഡിഎഫ് സുനാമി
ഷീബ വിജയൻ I കേരളം
തിരുവനന്തപുരം: കേരള നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ആദ്യ മൂന്ന് മണിക്കൂർ പിന്നിടുമ്പോൾ സംസ്ഥാനത്ത് യുഡിഎഫ് തരംഗം ആഞ്ഞടിക്കുന്നു. ഭരണത്തുടർച്ച ലക്ഷ്യമിട്ട എൽഡിഎഫിനെ നിഷ്പ്രഭമാക്കി നൂറിലധികം സീറ്റുകളിലാണ് യുഡിഎഫ് കുതിപ്പ് തുടരുന്നത്. മുഖ്യമന്ത്രി പിണറായി വിജയൻ ധർമ്മടത്ത് അഞ്ചാം റൗണ്ടിലും പിന്നിലായത് ഇടത് ക്യാമ്പുകളെ ഞെട്ടിച്ചിട്ടുണ്ട്. എൽഡിഎഫ് ലീഡ് നില നിലവിൽ 40-ന് താഴെയാണ്.
പത്ത് മന്ത്രിമാർ പിന്നിലായ തിരഞ്ഞെടുപ്പിൽ ഇടതുകോട്ടകളിൽ പോലും യുഡിഎഫ് വിള്ളലുണ്ടാക്കി. എറണാകുളം, ഇടുക്കി, വയനാട്, പത്തനംതിട്ട ജില്ലകളിലെ മുഴുവൻ സീറ്റുകളിലും യുഡിഎഫ് ആണ് ലീഡ് ചെയ്യുന്നത്. ഇടത് അനുകൂല ജില്ലയായ കൊല്ലത്തെ 11 സീറ്റുകളിൽ ഒമ്പതിടത്തും കോട്ടയത്തെ ഒമ്പതിൽ എട്ടിടത്തും യുഡിഎഫ് മേധാവിത്വം ഉറപ്പിച്ചു.
തപാൽ വോട്ടുകളിൽ ഇരുമുന്നണികളും ഒപ്പത്തിനൊപ്പമായിരുന്നുവെങ്കിലും ഇവിഎമ്മുകൾ തുറന്നതോടെ യുഡിഎഫ് ബഹുദൂരം മുന്നിലെത്തി. ശക്തമായ ഭരണവിരുദ്ധ വികാരം വോട്ടായി മാറിയെന്നാണ് പ്രാഥമിക നിഗമനം. അതേസമയം, ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ നേമത്ത് ലീഡ് ചെയ്യുന്നത് എൻഡിഎയ്ക്ക് നേരിയ ആശ്വാസം നൽകുന്നുണ്ട്.
sdfsf

